1

വിഴിഞ്ഞം: ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകൾക്ക് നേരെ അർദ്ധരാത്രിയിൽ ആക്രമണം. എസ്.എഫ്.ഐ യൂണിറ്റ് അംഗവും പാറശാല ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ചപ്പാത്ത് യൂണിറ്റ് അംഗവുമായ ആര്യയുടെ ചൊവ്വര പനനിന്നവിള അരുൺ ഭവനിലും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കല്ലിയൂർ പെരിങ്ങമ്മല കൊന്നയ്‌ക്കാട്ടുവിളയിൽ സച്ചിന്റെ വീടിന് നേരെയുമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ആക്രമണമുണ്ടായത്. ആര്യയുടെ വീടിന്റെ ജനലുകൾ എല്ലാം അടിച്ചു തകർക്കുകയും പുറത്ത് വച്ചിരുന്ന രണ്ട് ബൈക്കുകൾ കേടുവരുത്തുകയും ചെയ്‌തു. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് ആരംഭിച്ചതു മുതലുണ്ടായ പ്രശ്‌നങ്ങളാണ് വീടുകയറി ആക്രമണത്തിന് കാരണമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ആര്യ കാര്യവട്ടം കാമ്പസിൽ കലോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു. ആര്യയുടെ മാതാപിതാക്കളും ഭർത്താവും സഹോദരനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എം. വിൻസെന്റ് എം.എൽ.എ, കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, ജി.ആർ. അനിൽ തുടങ്ങിയവർ ആര്യയുടെ വീട് സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി 1.15ഓടെയാണ് ഒരു സംഘം സച്ചിന്റെ വീട്ടിൽ ആക്രമണം നടത്തിയത്. വീട്ടിലെ മൂന്നു ജനാലകളും വാതിലും മുറ്റത്തുണ്ടായിരുന്ന ബൈക്കും അടിച്ചുതകർത്തു. സംഭവ സമയത്ത് സച്ചിനും ഇളയ സഹോദരനും അമ്മയും വീട്ടിലുണ്ടായിരുന്നു. കോളേജിൽ യൂണിറ്റ് തുടങ്ങിയതുമായി ബന്ധപ്പെട്ട് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായി സച്ചിൻ പറയുന്നു. സച്ചിന്റെ വീട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, കല്ലിയൂർ ലോക്കൽ സെക്രട്ടറി ശ്രീരാഗ് തുടങ്ങിയവർ സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പെരിങ്ങമ്മലയിൽ പ്രതിഷേധ ജാഥയും യോഗവും നടത്തി. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ആക്രമണങ്ങൾക്ക് പിന്നിലും എ.ബി.വി.പിയാണെന്ന് സി.പി.എം ആരോപിച്ചു.