തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത വർദ്ധനയുടെ രണ്ടു കുടിശികയും (5 ശതമാനം) മേയിൽ ശമ്പളത്തോടൊപ്പം നൽകും. ലോവർ റൗണ്ടിംഗിലൂടെ ഇതിൽ കുറവു വരുത്താനുള്ള നീക്കം ഉപേക്ഷിച്ചാണ് കുടിശിക ഒരുമിച്ച് നൽകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലെ 2 ശതമാനവും ജൂലായിലെ 2.69 ശതമാനവും ഹയർ റൗണ്ടിംഗിലൂടെ 5 ശതമാനമാക്കിയാണ് നൽകുന്നത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കേന്ദ്ര സർക്കാരിന്റെ ജീവിത വിലസൂചികയിലെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ജനുവരിയിലും ജൂലായിലുമായി വർഷത്തിൽ രണ്ടു തവണയാണ് ജീവനക്കാരുടെ ഡി.എ വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലും ജൂലായിലുമുള്ളത് സാമ്പത്തിക പ്രതിസന്ധി കാരണം നൽകിയില്ല. ഇത് ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ 2 ശതമാനവും ജൂലായിൽ 2.69 ശതമാനവുമായിരുന്നു ഡി.എ വർദ്ധന. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ലോവർ റൗണ്ടിംഗ് നടത്തി ഇത് 4 ശതമാനമാക്കാൻ ധനവകുപ്പ് നിർദ്ദേശിച്ചു. സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടന സ്വാഗതവും ചെയ്തു. എന്നാൽ പ്രതിപക്ഷ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടന്നു.
1975ൽ സി. അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്രസൂചികപ്രകാരം സംസ്ഥാനത്ത് ഡി.എ നൽകാൻ തീരുമാനിച്ചത്. 1975 ഫെബ്രുവരി 5 മുതൽ 11 വരെ ജീവനക്കാർ ഒന്നടങ്കം നടത്തിയ സമരത്തെ തുടർന്നായിരുന്നു ഇത്. കേന്ദ്ര സൂചികയനുസരിച്ച് 0.5 ശതമാനം വന്നാൽ ഹയർ
റൗണ്ടിംഗ് നടത്തി ഒരു ശതമാനം നൽകാൻ ധാരണയുമായി. ഇത് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ പ്രക്ഷോഭം നടത്തിയത്. പത്താം ശമ്പള പരിഷ്കരണ കമ്മിഷനും ഹയർ റൗണ്ടിംഗാണ് ശുപാർശ ചെയ്തത്. 2018 കലണ്ടർ വർഷത്തിൽ ഡി.എ വർദ്ധിപ്പിച്ച് നൽകിയിട്ടില്ല.