തിരുവനന്തപുരം: സപ്ളൈകോയിൽ കമ്പ്യൂട്ടർ വാങ്ങിയതുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യവകുപ്പിന്റെ പരിശോധനാ വിഭാഗം ശിക്ഷ വിധിച്ച ഒരു ഉദ്യോഗസ്ഥയ്ക്ക് എം.ഡി നൽകിയത് ഫിനാൻസ് മാനേജരുടെ അധിക ചുമതല.
സപ്ളൈകോയിൽ കമ്പ്യൂട്ടർ വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് സപ്ളൈകോ ആസ്ഥാനത്തെ മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിലെ (എം.ഐ.എസ്) ഡെപ്യൂട്ടി മാനേജർ വിമ്മി ഡേവിഡ് അക്കരയേയും സീനിയർ കമ്പ്യൂട്ടർ ഓപ്പറേറ്റർ റീഗ അരവിന്ദനേയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. കമ്പ്യൂട്ടർ ഇടപാടിൽ സപ്ളൈകോ അധികമായി നഷ്ടപ്പെട്ട തുക വിമ്മി ഡേവിഡ് അക്കര, ഫിനാൻസ് എ.ജി.എം അനിൽ .പി.എസ്, മാർക്കറ്റിംഗ് എ.ജി.എം സതീഷ് ആർ.എൻ, ഓഡിറ്റ് വിംഗ് മാനേജർ ഷീബാ ജോർജ് എന്നിവരിൽ നിന്നും ഈടാക്കണമെന്ന് അന്വേഷണ റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു.
ഈ റിപ്പോർട്ട് പാടെ അവഗണിച്ചുകൊണ്ടാണ് ഷീബാ ജോർജിന് ഫിനാൻസ് മാനേജരുടെ അധിക ചുമതല കൂടി നൽകിക്കൊണ്ട് എം.ഡി 23ന് ഉത്തരവിറക്കിയത്. ഈ ഉത്തരവിലൂടെ ഫലത്തിൽ വിജിലൻസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ആരോപണം. അനിൽ .പി.എസിനെ എസ്റ്റേറ്റ് മാനേജരാക്കി മാറ്റിയപ്പോൾ, സതീഷ് ആർ.എന്നിന് മാറ്റമൊന്നും നൽകിയിട്ടില്ല. ഏപ്രിൽ ഒന്നു മുതൽ ഉത്തരവ് പ്രബല്യത്തിൽ വരും.
അന്വേഷണ റിപ്പോർട്ട് പ്രകാരം സപ്ളൈകോ പ്രവർത്തിച്ചാൽ ഫിനാൻസ് മാനേജരാണ് നഷ്ടപ്പെട്ട പണം എത്രയെന്ന് നാലുപേരിൽ നിന്നും ഈടാക്കേണ്ടത്. ആ നാലു പേരിൽ ഒരാൾക്കാണ് ഫിനാൻസ് മാനേജരുടെ ചുമതല നൽകിയിയിരിക്കുന്നത്. ഓഡിറ്റ് മാനേജരുടെ റിപ്പോർട്ട് ഫിനാൻസ് മാനേജരാണ് പരിശോധിക്കുന്നത്. രണ്ടും ഒരാളാകുമ്പോൾ പിഴവുകൾ ഉണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിമാസം 200 കോടി രൂപയുടെ പർച്ചേസിംഗാണ് സപ്ളൈകോയിൽ നടക്കുന്നത്
''ഷീബ ഓഡിറ്റ് വിംഗ് നന്നായി കൈകര്യം ചെയ്യുന്ന ഉദ്യോഗസ്ഥയാണ്. ഒരു ക്രമക്കേടിനും ഷീബ കൂട്ടുനിൽക്കുമെന്നു കരുതുന്നില്ല. ഫിനാൻസ് മാനേജരായി അവരെ നിയോഗിക്കുന്ന കാര്യം പരിഗണിച്ചതേ ഉള്ളൂ. അന്വേഷണ റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ല''- എം.എസ്. ജയ, എം.ഡി, സപ്ളൈകോ