തിരുവനന്തപുരം : കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ഏഴു വയസുകാരനെ അതിക്രൂരമായി ആക്രമിച്ച് കൊല്ലാൻ നോക്കിയ പ്രതി തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ് തലസ്ഥാനത്തെ ഗുണ്ടകൾക്കിടയിലെ പ്രധാനിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗുണ്ടാ സംഘങ്ങൾക്കിടയിൽ കോബ്രയെന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
മനഃസാക്ഷിയെ ഞെട്ടിച്ച തൊടുപുഴയിലെ സംഭവത്തിന് പിന്നാലെയാണ് അരുൺ തലസ്ഥാനത്ത് നടത്തിയ ക്രൂരകൃത്യങ്ങൾ ഓരോന്നായി പുറത്ത് വരുന്നത്. നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് അരുണിനെതിരെയുള്ളത്. ഇതിൽ കൊലക്കേസും ഉൾപ്പെടുന്നു. സുഹൃത്ത് വിജയരാഘവനെ 2008ൽ ജഗതിയിൽ വച്ച് ബീയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ്. മ്യൂസിയം സ്റ്റേഷനിൽ മൂന്നു ക്രിമിനൽ കേസുകളും ഫോർട്ടിൽ രണ്ടും, വലിയതുറ, വിഴിഞ്ഞം സ്റ്റേഷനുകളിലായി ഓരോ കേസുമുണ്ട്. 2007ൽ നന്തൻകോടുള്ള ഫ്ളാറ്റ് അക്രമിച്ച് താമസക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ റിമാൻഡിൽ കഴിഞ്ഞു. മറ്റു ജില്ലകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബാങ്ക് ജീവനക്കാരായ ദമ്പതികളുടെ രണ്ട് ആൺമക്കളിൽ ഇളയവനാണ് അരുൺ. സർവീസിലിരിക്കേ അച്ഛൻ മരണപ്പെട്ടു. തുടർന്ന് ആശ്രിതനിയമനത്തിൽ ഇയാൾ ഒരു വർഷം മലപ്പുറത്തെ ബാങ്കിൽ ജോലി ചെയ്തു. ലഹരിക്ക് അടിമയായതോടെ ജോലി ഉപേക്ഷിച്ചു. തിരികെ നാട്ടിൽ എത്തി കുപ്രസിദ്ധ ഗുണ്ടയുമായി ചേർന്ന് മണൽ കടത്ത് ആരംഭിച്ചു. ഇതിന് പിന്നാലെ കൂടുതൽ പണത്തിനായി ലഹരി കടത്തും തുടങ്ങി. സഹോദരൻ സൈനികനാണ്.
മദ്യത്തിന്റെയും ലഹരിയുടെയും ബലത്തിൽ എന്ത് ക്രൂരതയും കാട്ടാൻ മടിയില്ലാത്ത ക്രൂരനായിരുന്നു അരുണെന്ന് പൊലീസ് പറയുന്നു. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറുന്ന സ്വഭാവം. വാഹനങ്ങളിൽ പതിവായി മദ്യവും കഞ്ചാവും ആയുധവും കരുതും. അടിപിടി, പണം തട്ടൽ, ഭീഷണിപ്പെടുത്തൽ എന്നിവയായിരുന്നു പ്രധാന തൊഴിൽ.
യുവതിയെ വലയിലാക്കിയത് കുട്ടികളിലൂടെ
കഴിഞ്ഞവർഷം മേയിൽ ഭർത്താവ് ബിജുവിന്റെ മരണാനന്തര ചടങ്ങുകൾക്കിടെയാണ് ഭർത്താവിന്റെ അച്ഛന്റെ സഹോദരിയുടെ മകനായ അരുണുമായി യുവതി അടുപ്പത്തിലാകുന്നത്. കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാൾ യുവതിയെ വലയിലാക്കിയത്. കുട്ടികളോട് സംസാരിക്കാനെന്ന പേരിൽ നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ഇതേ കാരണം പറഞ്ഞ് പലപ്പോഴും വീട്ടിലെത്തി. കുട്ടികളെ കാണാതെ ഇരിക്കാൻ വയ്യെന്ന പേരിൽ പിന്നാലെ കൂടിയതോടെ യുവതി ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ഇയാളുമായി കൂടുതൽ അടുത്തു. ബിജു മരിച്ച് ആറു മാസം കഴിയും മുമ്പ് ഒളിച്ചോടിയ യുവതിയും അരുണും ആദ്യം പേരൂർക്കടയിലാണ് വാടകയ്ക്ക് താമസിച്ചത്. ഇപ്പോൾ ആക്രമിക്കപ്പെട്ട കുട്ടി പേരൂർക്കടയിലെ സ്‌കൂളിലാണ് പഠിച്ചിരുന്നത്. തൊടുപുഴയിലേക്ക് മാറിയപ്പോൾ ടി.സി വാങ്ങി കൊണ്ടുപോവുകയായിരുന്നു.