തിരുവനന്തപുരം: വയനാട്ടിൽ സ്ഥാനാർത്ഥി നിർണയം വൈകരുതെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടത് ശരിയാണെന്നും കോൺഗ്രസ് പ്രവർത്തകർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതേതര ജനാധിപത്യ മുന്നണിക്കൊപ്പമെന്ന് അവകാശപ്പെടുന്ന സി.പി.എം രാഹുൽ ഗാന്ധിയെ എതിർക്കുന്നത് വിചിത്രമാണെന്നും കേസരി സ്മാരക ട്രസ്റ്റിൽ നടന്ന മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കരുതെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടതായി അറിയില്ല. വടകരയിൽ കെ. മുരളീധരൻ തന്നെ മത്സരിക്കും. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നതിൽ സി.പി.എമ്മും ഇടതുമുന്നണിയും ഭയപ്പെടുന്നത് എന്തിനാണ്? ഇക്കാര്യത്തിൽ ബി.ജെ.പിക്കുള്ള ഭയം മനസിലാക്കാം.
അമേതിയിൽ രാഹുൽഗാന്ധി വൻ ഭൂരിപക്ഷത്തിൽ ജയിക്കും. തെക്കേ ഇന്ത്യയിൽ കൂടി അദ്ദേഹം മത്സരത്തിന് ഇറങ്ങണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹം. പ്രകടന പത്രിക ഇറക്കിയ ശേഷവും ആരാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നോ എന്താണ് ബദൽ സമീപനമെന്നോ സി.പി.എം വ്യക്തമാക്കിയിട്ടില്ല. 50ൽ താഴെ സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. കേരളത്തിൽ കോൺഗ്രസിന് സീറ്റുകൾ കൂടിയാൽ സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവി നഷ്ടപ്പെടും. ഇതാണ് സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.