തിരുവനന്തപുരം : തൊടുപുഴയിൽ കൊടുംക്രൂരതയ്ക്ക് ഇരയായ കുട്ടിയുടെ പിതാവ് ബിജുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മകന്റെ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി.
മണക്കാട് കല്ലാട്ട്മുക്ക് ബാബു - രമണി ദമ്പതികളുടെ മകൻ ബിജു കഴിഞ്ഞ വർഷം മേയിലാണ് മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തിൽ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. കുട്ടിയെ പീഡിപ്പിച്ച അരുണിന്റെ അമ്മാവന്റെ മകനാണ് ബിജു.
പത്തു വർഷം മുൻപാണ് ബിജു യുവതിയെ വിവാഹം ചെയ്തത്. ആ സമയം സി- ഡിറ്റ് ജോലിക്കാരനായിരുന്നു ബിജു. പിന്നീട് ടെക്‌നോപാർക്കിലും അവിടെ നിന്ന് ആലുവയിലേക്കും ജോലി സംബന്ധമായി എത്തി. ബി.ടെക് ബിരുദധാരിയായ ബിജു പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിംഗ് കോളേജിലാണ് പഠിച്ചത്.
അരുൺ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു. അമ്മയെ ഭീഷണിപ്പെടുത്തി നന്തൻകോട് ഉണ്ടായിരുന്ന ഫ്ളാറ്റ് ഇയാൾ എഴുതി വാങ്ങി. പിന്നീട് അവിടെയായിരുന്നു താമസം. ഇതിനിടെ അരുണിന് കടം കൊടുത്ത 4000 രൂപ ബിജു തിരികെ ചോദിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതിന് ശേഷം ബിജു കല്ലാട്ടുമുക്കിലുള്ള വീട്ടിൽ അരുണിനെ കയറ്റില്ലായിരുന്നു. ബന്ധുക്കളും അരുണുമായി അടുപ്പം പുലർത്തിയിരുന്നില്ല. ബിജു മരിച്ചപ്പോഴാണ് അരുൺ വീണ്ടും വീട്ടിലേക്ക് എത്തിയത്. ഈ സമയത്താണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്.
ബിജുവിന്റെ മരണത്തിലും ഈ സമയത്തുള്ള അരുണിന്റെ കടന്നു വരവിലും അന്നു തന്നെ ചില ബന്ധുക്കളിൽ സംശയം ഉയർത്തിയിരുന്നു. അതാണ് ഇപ്പോൾ കൂടുതൽ ശക്തമായിരിക്കുന്നത്. മൃതദേഹം ദഹിപ്പിച്ചതിനാൽ അരുണിനെയും യുവതിയെയും ചോദ്യം ചെയ്താൽ മാത്രമേ ഇത് സംബന്ധിച്ച എന്തെങ്കിലും സൂചന ലഭിക്കൂ. പരാതി ഉയർന്നതിനാൽ ബിജുവിന്റെ മരണവും പൊലീസ് അന്വേഷിക്കും.