election

തിരുവനന്തപുരം: കാർഷിക- കാർഷികേതര വായ്പാ ജപ്തികൾക്ക് മൊറട്ടോറിയം ഡിസംബർ വരെ നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കാൻ അനുമതി തേടിയുള്ള സർക്കാരിന്റെ അപേക്ഷ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വിട്ടു. അനുമതി നൽകുന്നതിൽ വിരോധമില്ലെന്ന കുറിപ്പോടെയാണ് അപേക്ഷ കൈമാറിയത്. അതിനാൽ അനുമതി ലഭിക്കാനാണ് സാദ്ധ്യത. നേരത്തേ സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ കൂടുതൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ തിരിച്ചയച്ചിരുന്നു. ഇതിന് ചീഫ് സെക്രട്ടറി നൽകിയ വിശദീകരണത്തിൽ കമ്മിഷൻ സംതൃപ്തി പ്രകടിപ്പിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിനിടയിൽ സർക്കാരിന് ഇതുസംബന്ധിച്ച ഉത്തരവിറക്കാം. കർഷകർക്കു വ്യക്തിപരമായ സഹായം ലഭിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാനും കമ്മിഷന് അധികാരമുണ്ട്. സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനായതിനാലാണ് അനുമതി തേടുന്നതെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു.
മൊറട്ടോറിയം അടക്കം കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് കഴിഞ്ഞ അഞ്ചിനാണ് സർക്കാർ അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപുതന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കാനായിരുന്നു തീരുമാനം. എന്നാൽ ഉദ്യോഗസ്ഥ അലംഭാവം മൂലം ഉത്തരവിറക്കുന്നതു വൈകി. അതിനിടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം കൂടി വന്നതോടെ തീരുമാനം നടപ്പാക്കാനാവാതെ വരികയായിരുന്നു. ഇതിന്റെ പേരിൽ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിയെ വിമർശിച്ചിരുന്നു.
തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ തീരുമാനം നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങിയത്.