വർക്കല: അഞ്ച് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കുറ്റിക്കാട്ടിൽ ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തി. മണമ്പൂർ തൊട്ടിക്കല്ല് നീറുവിള വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന അജിബോസ് (40)ന്റെ മൃതദേഹമാണ് വെട്ടൂർ കല്ലുമലക്കുന്നിന് സമീപം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചത്. ട്രെയിൻതട്ടി മരിച്ചതായാണ് സംശയം. ജന്മനാ ബുദ്ധിമാന്ദ്യമുളള ആളാണ് അജിബോസ്. തിങ്കളാഴ്ച രാവിലെ മുതൽ ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പിതാവ് ചന്ദ്രബോസ് കല്ലമ്പലം പൊലീസിൽ പരാതി നൽകി. പൊലീസ് മാൻമിസിംഗിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച രാവിലെ കല്ലമ്പലത്തു നിന്നും ബസ് കയറി വർക്കല ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചെങ്കിലും ആ വഴിക്കും അന്വേഷണം നടന്നു. ഇതിനിടെ അകത്തുമുറി ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കല്ലുമലക്കുന്ന് റെയിൽവേ ട്രാക്കിന് സമീപത്തു നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാർട്ടത്തിനു ശേഷം
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: വനജ. സഹോദരി അഖില.