mar-ivanios

തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവത്തിന്റെ ഓവറാൾ ചാമ്പ്യൻ പട്ടം 155 പോയിന്റോടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് നിലനിറുത്തി. അഞ്ച് ദിവസമായി നടന്ന കലോത്സവം ഇന്നലെ കാര്യവട്ടം കാമ്പസിൽ കൊടിയിറങ്ങി. 142 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രണ്ടാം സ്ഥാനവും 140 പോയിന്റോടെ ഗവൺമെന്റ് വിമെൻസ് കോളേജ് മൂന്നാം സ്ഥാനവും നേടി.

26 പോയിന്റോടെ ചെമ്പഴന്തി എസ്.എൻ കോളേജ് ഒഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിലെ എസ്.എസ്. വിഷ്‌ണു റാം കലാപ്രതിഭയായും മാർ ഇവാനിയോസിലെ കൃഷ്ണ അജിത്ത് 30 പോയിന്റോടെ കലാതിലകവുമായി. കാര്യവട്ടം കാമ്പസിൽ നടന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിഗത വിജയികൾക്ക് ട്രോഫികൾ നൽകി. ജേതാക്കളായ കോളേജുകൾക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ട്രോഫികൾ നൽകി. സംഗീത വിഭാഗത്തിൽ 62 പോയിന്റുമായി സംഗീത കോളേജും നൃത്ത വിഭാഗത്തിൽ 52 പോയിന്റുമായി ഗവൺമെന്റ് വിമെൻസ് കോളേജും ചാമ്പ്യന്മാരായി. രചനാ വിഭാഗത്തിൽ 22 പോയിന്റും തിയേറ്റർ വിഭാഗത്തിൽ 36 പോയിന്റും നേടിയ യൂണിവേഴ്സിറ്റി കോളേജ് ജേതാക്കളായി.