election-2019

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചരണ കൊടുമ്പിരിക്കൊണ്ടിരിക്കെ കരുണാനിധിയുടെ മകളും ഡി.എം.കെയുടെ തൂത്തുക്കുടി സ്ഥാനാർത്ഥിയുമായ കനിമൊഴി വിവാദക്കുരുക്കിൽ. കനിമൊഴിയുടെ സാന്നിദ്ധ്യത്തിൽ സ്ത്രീകൾക്കു പണം വിതരണം ചെയ്ത തിരുച്ചെന്തൂർ എം.എൽ.എ എ.രാധാകൃഷ്ണനെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുത്തു. കനിമൊഴിയെ ആരതിയുഴിഞ്ഞു സ്വീകരിക്കാനെത്തിയ ആറു സ്ത്രീകൾക്ക് രാധാകൃഷ്ണൻ പണം നൽകുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയണിത്.

എന്നാൽ, ഈ ദൃശ്യങ്ങൾ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പുള്ളതാണെന്നു വ്യക്തമായതിനാൽ കമ്മിഷന് തിരഞ്ഞെടുപ്പു ചട്ടമനുസരിച്ച് നടപടി സ്വീകരിക്കാനാകില്ല.വീഡിയോ പ്രചരിച്ചതും കേസ് വന്നതും കനിമൊഴിക്കെതിരെ വൻ ആയുധമാക്കുകയാണ് അണ്ണാ ഡി.എം.കെ നേതാക്കൾ. പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന കനിമൊഴിയെ സ്ത്രീകൾ ആരതിയുഴിഞ്ഞു സ്വീകരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.ആരതിയുഴിഞ്ഞ സ്ത്രീകൾക്കു കനിമൊഴിയുടെ കൂടെയുണ്ടായിരുന്ന രാധാകൃഷ്ണൻ 500 രൂപ വീതം നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തം. തിരരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം അഴിമതി ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണു പൊലീസ് കേസെടുത്തത്.