2

വിഴിഞ്ഞം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ശരത് ബാബുവിന്റെ ഹൃദയവാൽവുകൾ ഇനി രണ്ടു പേരിലൂടെ തുടിക്കും. വെള്ളിയാഴ്ചയാണ് വെങ്ങാനൂർ വെണ്ണിയൂർ മാവുവിള വീട്ടിൽ ബാബു (ബെന്നി ) - ശാന്ത ദമ്പതികളുടെ ഏകമകൻ ശരത് ബാബു (19) അപകടത്തിൽ മരിച്ചത്. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ അധികൃതർ ബന്ധുക്കളെ സമീപിച്ചപ്പോഴാണ് ശരത്തിന്റെ ഹൃദയവാൽവുകൾ ദാനം നൽകാൻ തയ്യാറായത്. ശരത്തിന്റെ ഹൃദയവാൽവ് ചികിത്സയിലുള്ള രണ്ടുപേർക്ക്
പുതുജീവൻ നൽകും. പുല്ലാന്നിമുക്കിലെ ടൈൽസ് കടയിലെ ജീവനക്കാരനായിരുന്ന ശരത് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ശരത് ബാബു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലൈഫ് പദ്ധതി പ്രകാരം വെങ്ങാനൂർ പഞ്ചായത്തിൽ നിന്നു ലഭിച്ച വീടിന്റെ കോൺക്രീറ്റ് ഇന്നലെ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഈ വീടിനു മുന്നിലാണ് ശരത് ബാബുവിന് അന്ത്യവിശ്രമം ഒരുക്കിയത്. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ശരത് ബാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു.