ഈ സീസൺ ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി മലയാളി താരം സഞ്ജു സാംസണിന്റെ വകയായിരുന്നു. എന്നാൽ, ആ സെഞ്ച്വറിക്കും സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ നിന്ന് രാജസ്ഥാൻ റോയൽസിനെ രക്ഷിക്കാനായില്ല. 37 പന്തുകളിൽ ഒൻപത് ഫോറും രണ്ട് സിക്സുമടക്കം 69 റൺസടിച്ച് ഡേവിഡ് വാർണർ നൽകിയ തുടക്കമാണ് സൺറൈസേഴ്സിന് സീസണിലെ ആദ്യ ജയം നൽകിയത്.
മത്സരത്തിന് ശേഷം ടിവി ചാനലിനു വേണ്ടി പരസ്പരം സംസാരിക്കാനെത്തിയ സഞ്ജുവും വാർണറും പറഞ്ഞത്.
''ഡേവിഡ്, നിങ്ങളെന്റെ ദിവസം നശിപ്പിച്ചു കളഞ്ഞു. നിങ്ങളുടെ ബാറ്റിംഗിന് മുന്നിൽ പിടിച്ചു നിൽക്കാൻ എന്റെ സെഞ്ച്വറിയൊന്നും പോരായിരുന്നു. നിങ്ങൾ പവർപ്ളേയിൽ ബാറ്റിംഗ് തുടങ്ങിയപ്പോഴേ ഞങ്ങൾ തോറ്റിരുന്നു. നിങ്ങളെപ്പോലൊരാൾ എതിർ ടീമിലുള്ളപ്പോൾ 250 റൺസെങ്കിലും നേടിയാലേ ജയിക്കാൻ പറ്റൂ."
-സഞ്ജു സാംസൺ
തികച്ചും ഗൗരവമാർന്ന ഇന്നിംഗ്സായിരുന്നു സഞ്ജുവിന്റേത്. ക്ഷമയോടെ തുടങ്ങി താളത്തിലേക്ക് എത്തുകയായിരുന്നു സഞ്ജു. ഈ പിച്ചിൽ 200 റൺസ് അടിക്കാമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. എന്നാൽ, സഞ്ജുവിന്റെ ബാറ്റിംഗാണ്. ഞങ്ങൾക്ക് അതിന് പ്രേരണയായത്.
-ഡേവിഡ് വാർണർ
7 ബാൾ ഒരോവറിൽ
വീണ്ടും അമ്പയറിംഗ് അബദ്ധം
മൊഹാലി : ഐ.പി.എല്ലിൽ അമ്പയർമാരുടെ മണ്ടത്തരങ്ങൾക്ക് അവസാനമാകുന്നില്ല. പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്ടൻ രവിചന്ദ്രൻ അശ്വിന് വിവാദങ്ങളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും മോചനം ലഭിക്കുന്നില്ല.
ഇന്നലെ മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിൽ അശ്വിൻ ഒരോവറിൽ ഏഴ് പന്തു എറിഞ്ഞതാണ് അമ്പയർമാരുടെ അശ്രദ്ധ വെളിയിൽ കൊണ്ടുവന്ന പുതിയ സംഭവം. ടോസ് കിട്ടിയ പഞ്ചാബിനായി ആദ്യ ഓവർ എറിയാനെത്തിയപ്പോഴാണ് ആറ് പന്തുകൾ കഴിഞ്ഞ് ഒരു പന്തുകൂടി അശ്വിൻ എറിഞ്ഞത്. ഇതിൽ ഡികോക്ക് ബൗണ്ടറി നേടുകയും ചെയ്തു. വിനീത് കുൽക്കർണിയും ക്രിസ് ഗഫാനെയുമായിരുന്നു ഫീൽഡ് അമ്പയർമാർ.
കഴിഞ്ഞ ദിവസം മുംബയ് ഇന്ത്യൻസ് ബൗളർ ലസിത് മലിംഗ ബാംഗ്ലൂരിനെതിരായ മത്സരത്തിന്റെ അവസാന ഓവറിലെ അവസാന പന്ത് നോബാളാക്കിയിട്ടും അമ്പയറുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ബാംഗ്ളൂർ മത്സരത്തിൽ ആറ് റൺസിന് തോറ്റതോടെ അമ്പയറുടെ അശ്രദ്ധയ്ക്കെതിരെ റോയൽസ് ക്യാപ്ടൻ വിരാട് കൊഹ്‌ലി പരസ്യമായി രംഗത്ത് എത്തിയിരുന്നു.
ആദ്യ മത്സരത്തിൽ ജോസ് ബട്ലറെ മങ്കാഡിംഗ് നടത്തി വിവാദം സൃഷ്ടിച്ച അശ്വിൻ രണ്ടാം മത്സരത്തിൽ 30 വാര സർക്കിളിനുള്ളിൽ നാല് ഫീൽഡർമാരെ വിന്യസിക്കാൻ മറന്ന് നോബാൾ വഴങ്ങിയിരുന്നു.