unnikrushnan-nair
ഉണ്ണികൃഷ്ണൻ നായർ

പാറശാല: സൂര്യാഘാതത്തെ തുടർന്ന് പാറശാലയിൽ കർഷകനും പാലക്കാട്ട് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന വൃദ്ധയും ഇന്നലെ കുഴഞ്ഞു വീണ് മരിച്ചു. പാറശാല മുറിയത്തോട്ടം ഭഗവതി വിലാസത്തിൽ മാധവൻ പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ ( 42), വടകരപ്പതിയിൽ നല്ലൂർ സ്വദേശി ചിന്നമ്മാൾ (78) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട ജില്ലയിൽ 13 പേർക്കും പുനലൂരിൽ നാലു പേർക്കും സൂര്യാതപത്തിൽ പൊള്ളലേൽക്കുകയും ചെയ്തു.

ഇന്നലെ രാവിലെ പത്തരയോടെ വയലിൽ ജോലിയിലേർപ്പെട്ടിരുന്നവരെ കാണാൻ ജ്യേഷ്ഠ സഹോദരന്റെ മകൻ ഹരിശങ്കറിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ ക്ഷീണം അനുഭവപ്പെട്ട് ഉണ്ണിക്കൃഷ്ണൻ നായർ കുഴഞ്ഞു വീണു. കഴുത്തിലും നെഞ്ചിലും പൊള്ളൽ കണ്ടതോടെ നാട്ടുകാർ ചേർന്ന് പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ആശാലതയാണ് ഭാര്യ. ദേവി കൃഷ്ണ (15), ആര്യ കൃഷ്ണ (8) എന്നിവരാണ് മക്കൾ. ഇരുവരും പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

ഫോട്ടോ: ഉണ്ണിക്കൃഷ്ണൻ നായർ