തിരുവനന്തപുരം: മീൻ മണം ഓക്കാനം വരുത്തുമെന്ന ശശി തരൂരിന്‍റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മത്സ്യത്തൊഴിലാളികളെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നടപടി അങ്ങേയറ്റം തരംതാണതാണെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.
മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തിനും ഓക്കാനം വരുന്ന മണമാണെന്ന തരൂരിന്‍റെ കണ്ടെത്തൽ അദ്ദേഹം മറ്റുള്ളവരെക്കാൾ ഉയർന്ന ആളാണെന്ന തോന്നൽ ഉള്ളത് കൊണ്ടാണ്. ഇതേ ചിന്ത കൊണ്ടാണ് കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മൻ സന്ദർശനത്തിന് പോകാൻ സാധിച്ചതും. ഓക്കാനം വരുന്ന ചുറ്റുപാടിലാണ് ഇവർ ജീവിക്കുന്നതെങ്കിൽ അവരുടെ വോട്ടിന് ഓക്കാനം ഉണ്ടോയെന്ന് തരൂർ വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ചോദിച്ചു.
എംപി ഫണ്ട് ചെലവഴിക്കുന്നതാണ് വികസനം എന്ന് ധരിക്കരുത്. മത്സ്യത്തൊഴിലാളികളെ സഹായിച്ചില്ലെങ്കിലും അവഹേളിക്കരുത്. ഇവരുടെ വോട്ട് വാങ്ങി വിജയിച്ച ജനപ്രതിനിധി അവരെ അവഹേളിക്കുന്നത് കേൾക്കുമ്പോഴാണ് ശരിക്കും ഓക്കാനം വരുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.