ഇപ്പോ : നിർഭാഗ്യത്തിന്റെ കനൽ വഴിയിൽ ഇന്ത്യയ്ക്ക് മുന്നിൽ സുൽത്താൻ അസ്‌ലൻഷാ കപ്പ് ഹോക്കി കിരീടം നേടാനുള്ള ഒരവസരം കൂടി വീണുടഞ്ഞു.
ഇന്നലെ മലേഷ്യയിൽ നടന്ന ഫൈനലിൽ ദക്ഷിണ കൊറിയയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 2-4ന് തോൽക്കുകയായിരുന്നു ഇന്ത്യ. കളി അവസാനിക്കുന്നതിന് 13 മിനിട്ടുള്ളപ്പോൾ വരെ 1-0ത്തിന് ലീഡ് ചെയ്തിരുന്ന ഇന്ത്യയെ നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ കുരുക്കിയശേഷമാണ് കൊറിയ ഷൂട്ടൗട്ടിന്റെ ഭാഗ്യച്ചിറകേറിയത്.
ഒൻപതാം മിനിട്ടിൽ സിമ്രാൻജിത്തിലൂടെ ഇന്ത്യയാണ് ആദ്യം സ്കോർ ചെയ്തത്. തുടർന്നുള്ള രണ്ട് ക്വാർട്ടറുകളിലും ഈ ഗോളിന് ഇന്ത്യ ലീഡ് ചെയ്തു. എന്നാൽ, അവസാന ക്വാർട്ടറിന്റെ രണ്ടാം മിനിട്ടിൽ ഗോളടിച്ച് കൊറിയ തിരിച്ചുവന്നു. ഷൂട്ടൗട്ടിൽ കൊറിയൻ താരങ്ങളിൽ നാല് കിക്കും വലയിലാക്കിയപ്പോൾ മൂന്ന് ഇന്ത്യ, താരങ്ങൾ കിക്ക് പാഴാക്കി.
റൗണ്ട് റോബിൻ ലീഗിലെ മത്സരത്തിൽ ഇന്ത്യ കൊറിയയോട് സമനില വഴങ്ങിയിരുന്നു. ഒറ്റ മത്സരംപോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. റൗണ്ട് റോബിൻ ലീഗിൽ ജപ്പാനെ 2-0ത്തിനും മലേഷ്യയെ 4-2നും കാനഡയെ 7-3നും പോളണ്ടിനെ 10-0ത്തിനും ഇന്ത്യ തോൽപ്പിച്ചിരുന്നു.
5 തവണ ഇന്ത്യ അസ്‌ലൻഷാ കപ്പ് കിരീടം നേടിയിട്ടുണ്ട്.
2010ലാണ് ഇന്ത്യ അവസാനമായി കിരീടമണിഞ്ഞത്. അന്ന് ഫൈനൽ മഴകാരണം ഉപേക്ഷിച്ചപ്പോൾ കൊറിയയുമായി പങ്കുവയ്ക്കുകയായിരുന്നു.
2016
ലാണ് ഇതിനുമുമ്പ് ഇന്ത്യ ഫൈനലിലെത്തിയത്. അന്ന് ആസ്ട്രേലിയയോട് തോറ്റു.
മിനി റെസ്‌ലിംഗ്
തൃശൂർ : സംസ്ഥാന മിനി (അണ്ടർ 15) ഫ്രീസ്റ്റൈൽ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.