കഴക്കൂട്ടം: യുവാവിനെ ജോലിസ്ഥലത്തു നിന്ന് തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ നാലുപേർ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലായി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുമല സ്വദേശി വിഷ്‌ണുദേവ് (23) കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: കഴക്കൂട്ടത്തെ സ്‌കൂട്ടർ വർക്ക്‌ഷോപ്പിൽ ജോലി നോക്കുന്ന വിഷ്‌ണുദേവും പ്രതികളിൽ ഒരാളുടെ ബന്ധുവായ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്‌തു. ഇതിന്റെ വൈരാഗ്യത്തിൽ വിഷ്‌ണുദേവും പെൺകുട്ടിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പെൺകുട്ടിയുടെ ഭർത്താവിന്റെ ഫേസ്ബുക്കിൽ പോസ്റ്റുചെയ്‌തു. ഇതേ തുടർന്ന് പെൺകുട്ടിയുടെ ബന്ധു വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പൊലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ അഞ്ചംഗ സംഘം വർക്ക്‌ഷോപ്പിലെത്തി വിഷ്‌ണുദേവിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി മർദ്ദിച്ച് വട്ടിയൂർക്കാവ് സ്റ്റേഷനിലെത്തിച്ചു. വിഷ്ണുവിന്റെ ശരീരത്തിലെ പരിക്ക് കണ്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനാകില്ലെന്ന് പറഞ്ഞു. തുടർന്ന് സംഘം രാത്രി ഒന്നോടെ വിഷ്ണുവിനെ കഴക്കൂട്ടത്തെ റെയിൽവേ മേല്പാലത്തിന്റെ കീഴിൽ തള്ളിയ ശേഷം മുങ്ങി. വിഷ്‌ണു വർക്ക്‌ഷോപ്പ് ഉടമയെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസെത്തി വിഷ്‌ണുവിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്.