തിരുവനന്തപുരം: വോട്ടർമാരെ ബോധവത്കരിക്കാൻ നാല് ദീർഘദൂര ട്രെയിനുകൾ വോട്ട് പാഴാക്കരുതെന്ന സന്ദേശവുമായി ഒരുമാസം കുതിച്ചുപായും. രാജ്യത്തിന്റെ തെക്ക് വടക്ക് ദിശയിലും കിഴക്ക് പടിഞ്ഞാറ് ദിശയിലും രണ്ട് വീതം ട്രെയിനുകളാണിതിന് ഉപയോഗിക്കുക. തിരുവനന്തപുരത്തുനിന്നും ഡൽഹിക്കുള്ള കേരള എക്സ് പ്രസ്, കന്യാകുമാരിയിൽ നിന്ന് ജമ്മുകാശ്മീരിലേക്കുള്ള ഹിമസാഗർ എന്നിവയും അഹമ്മദാബാദിൽ നിന്നുള്ള ഹൗറ, ഗുവാഹതി എക്സ്പ്രസുകളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇൗ ട്രെയിനുകൾ 19 സംസ്ഥാനങ്ങളിലൂടെയാണ് ഒാടുക.ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിൽ കേരള എക്സ് പ്രസിലെ പരസ്യയാത്രയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഡയറക്ടർ പത്മ അംഗാമ, ഡൽഹിയിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രൺബീർസിംഗ് എന്നിവർ ഫ്ളാഗ് ഒാഫ് ചെയ്തു.
എട്ട് സംസ്ഥാനങ്ങളിലൂടെ 3035കിലോമീറ്ററാണ് കേരള എക്സ് പ്രസ് ഒാടുന്നത്.ഇതിന് 41 സ്റ്റോപ്പുകളുണ്ട്. ഇതിൽ 20 ഇടങ്ങളിൽ അഞ്ച്മിനിറ്റിലേറെ നിറുത്തിയിടും. തിരുവനന്തപുരം, ഡൽഹി, ഭോപ്പാൽ സംസ്ഥാന തലസ്ഥാനങ്ങളിലൂടെ കടന്നുപോകും.ഹിമസാഗർ 3714 കിലോമീറ്റർ 12സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. 69 സ്റ്റോപ്പുകളുണ്ട്. അതിൽ 29 ഇടങ്ങളിലും അഞ്ച് മിനിറ്റിലേറെ നിറുത്തും.