kadamanitta-puraskaram
കടമ്മനിട്ട രാമകൃഷ്‌ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട പുരസ്‌കാരം കവിയത്രി സുഗതകുമാരിക്ക്‌ സംവിധായകൻ അടൂർ ഗോപാലകൃഷ്‍ണനും ഫൗണ്ടേഷൻ പ്രസിഡന്റ് എം.എ. ബേബിയും ചേർന്ന് നൽകുന്നു. ഡോ. ബി.ഇക്‌ബാൽ, എ.മീരാസാഹിബ് എന്നിവർ സമീപം ( ഫോട്ടോ: ദിനു പുരുഷോത്തമൻ)

തിരുവനന്തപുരം : കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട പുരസ്‌കാരം സുഗതകുമാരിക്ക് സമർപ്പിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് എം.എ. ബേബി, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സുഗതകുമാരിയുടെ വസതിയിലെത്തിയാണ് പുരസ്‌കാരം നൽകിയത്. സെെലന്റ് വാലി സമരം മുതൽ ഇടയ്‌ക്ക് രാഷ്ട്രീയത്തിലേക്ക് തിരിയുന്നത് വരെ കടമ്മനിട്ട എല്ലാത്തിനും കൂടെയുണ്ടായിരുന്നു. ആറന്മുള സമരം വിജയിച്ച് വയൽ കൊയ്‌ത് ആദ്യത്തെ നെൽക്കതിരുമായി പാട്ടുംപാടി വീട്ടിലേക്ക് കയറി വന്ന കടമ്മനിട്ടയുടെ മുഖം ഇന്നും ഓർമ്മയുണ്ടെന്നും സുഗതകുമാരി പറഞ്ഞു.

സ്നേഹമുള്ള കളങ്കമില്ലാത്ത മനുഷ്യനായ കടമ്മനിട്ടയുമായി രാജ്യം മുഴുവൻ യാത്ര ചെയ്ത അനുഭവമുണ്ടെന്നും കടമ്മനിട്ടയെയും സുഗതകുമാരിയെയും പോലെ എഴുതുന്ന കവികൾ മറ്റാരുമില്ലെന്നും അനുസ്മരണ പ്രഭാഷണം നടത്തവെ അടൂർ പറഞ്ഞു. കവിത, ഭാഷ, സംസ്‌കാരം എന്നിവയുടെ ധന്യതയായ സുഗതകുമാരി ഒ.എൻ.വി എഴുതിയത് പോലെ ഒരു പൂമരമാണെന്ന് എം.എ. ബേബി പറഞ്ഞു. കടമ്മനിട്ട മലയാളത്തിന്റെ വജ്രവചനവും സുഗതകുമാരി നിറഞ്ഞ പ്രാർത്ഥനയുമാണെന്ന് കവി വി. മധുസൂദനൻ നായർ പറഞ്ഞു.

കടമ്മനിട്ടയുടെ ഭാര്യ ശാന്തമ്മ രാമകൃഷ്ണൻ, ഒ.എൻ.വിയുടെ ഭാര്യ സരോജിനിഅമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എ. മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. ഷാജി എൻ. കരുൺ, വി.എൻ. മുരളി, ബി. ഇക്ബാൽ, കടമ്മനിട്ടയുടെ മകൻ ഗീതാകൃഷ‌്ണൻ, വി.കെ. പുരുഷോത്തമൻ പിള്ള, വി.ജി. വിജയകുമാർ, എം.ആർ. ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.