mlave

കഴക്കൂട്ടം: വനത്തിൽ നിന്നു വഴിതെറ്റി കണിയാപുരത്തെത്തിയ മ്ളാവിന് ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ആറിന് കണിയാപുരം എ.വി മാർബിൾ ഷോറൂമിന് സമീപത്താണ് അപകടം. എയർപോർട്ടിൽ നിന്ന് മടങ്ങിയ പരവൂർ സ്വദേശികളുടെ കാറിനു മുന്നിൽ അപ്രതീക്ഷിതമായി ചാടിയ മ്ളാവിനെ കാറിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് കേടുപാടുണ്ടായി. ഇടിയിൽ പിൻകാലുകൾക്ക് പരിക്കേറ്റ മ്ളാവ് പേടിച്ചരണ്ട് സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടുവളപ്പിലേക്ക് കയറി.

തുടർന്ന് പ്രദേശത്തെ നാലുവീടുകളുടെ മതിലുകൾ ചാടികടക്കുന്നതിനിടയിലും പിൻകാലുകൾക്ക് പരിക്കേറ്റു. ഒടുവിൽ പുരയിടത്തിന്റെ മൂലയിൽ നിലയുറപ്പിച്ചു. വിവരമറിഞ്ഞെത്തിയ മംഗലപുരം പൊലീസ് ഉടൻ വനംവകുപ്പിനെ അറിയിച്ചു. അവിടെ നിന്ന് റേഞ്ച് സെക്ഷൻ ഓഫീസർ ബാലചന്ദ്രൻനായരുടെ നേതൃത്വത്തിൽ വന്യജീവി കേന്ദ്രത്തിൽ നിന്ന് ജീവനക്കാരെത്തി. ഈ സമയം മദീന മൻസിൽ അനസിന്റെ വീടിന് സമീപത്തായി നിന്ന മ്ളാവിനെ ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് മയക്കുമരുന്ന് നൽകിയ ശേഷം വാഹനത്തിൽ പാലോട്ടേക്ക് കൊണ്ടുപോയി. രണ്ടുദിവസം മുമ്പ് അണ്ടൂർക്കോണം കിഴക്കുപുറം ഏലയിലും മ്ളാവിനെ കണ്ടവരുണ്ട്. വനത്തിൽ നിന്ന് വഴിതെറ്റി എത്തിയതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മ്ളാവിനെ കാണാനായി നിരവധിപേർ കണിയാപുരത്ത് എത്തിയിരുന്നു.