yechury

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേസരി സ്മാരക പത്രപ്രവർത്തക യൂണിയൻ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഞാനെന്തിന് അതിന് വേണ്ടി ശ്രമിക്കണ"മെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണം. ഇടതുമുന്നണിയും ദേശീയ തലത്തിൽ അതിനായി ശ്രമിച്ചില്ല. രാഹുൽ മത്സരിക്കുന്നതെല്ലാം അവരുടെ പാർട്ടി കാര്യങ്ങൾ. വർഗീയ, ബി.ജെ.പി.വിരുദ്ധ പോരാട്ടമെന്ന് ദേശീയതലത്തിലെ മതേതരപാർട്ടികൾ നിലപാടെടുത്തിട്ടുള്ള സാഹചര്യത്തിൽ ഇവിടെ ഇടതുമുന്നണിക്കെതിരെ രാഹുൽ മത്സരിക്കുമ്പോൾ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് ആലോചിക്കേണ്ടതാണ്. കേരളത്തിൽ രാഹുൽഗാന്ധിയുടെ സാന്നിധ്യം ഇടതുമുന്നണിയുടെ വിജയത്തിന് ഭീഷണിയാകില്ല. വയനാട്ടിൽ മത്സരിക്കുന്നതിനാൽ രാഹുൽ ഗാന്ധിയുടെ മറ്രൊരു മണ്ഡലമായ അമേത്തിയിൽ ബി.ജെ.പി.ക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള സി.പി.എം നിലപാടിൽ മാറ്റംവരുത്തില്ല. വയനാട്ടിൽ സി.പി.എം ദേശീയ നേതാക്കൾ പ്രചരണം നടത്തണോയെന്നത് സംസ്ഥാന ഇടതുമുന്നണിയാണ് തീരുമാനിക്കേണ്ടത്.