bjp

തിരുവനന്തപുരം: മുൻ കെ.പി.സി.സി സെക്രട്ടറിയും നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവും കെ.പി.എം.എസ് പുന്നല വിഭാഗം നേതാവുമായ കുന്നത്തൂർ വിശാലാക്ഷി കോൺഗ്രസിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. സി.പി.ഐ കിസാൻസഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും അഖിലേന്ത്യാ കിസാൻസഭയുടെ കുന്നത്തൂർ താലൂക്ക് പ്രസിഡന്റുമായ രാജീവ് രാജധാനിയും ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള വാർത്താസമ്മേളനം നടത്തിയാണ് രണ്ടുപേരുടേയും പ്രവേശനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ എൻ.ഡി.എയുടെ ചുമതലയുള്ള പ്രഭാരി വൈ.സത്യകുമാറും, സഹപ്രഭാരി നിർമ്മൽ കുമാർ സുരാനയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസിന്റെ ഗതികേട് തുറന്നുകാട്ടുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ആരോപിച്ചു. അമേത്തിയിൽ തോൽക്കുമെന്ന് ഉറപ്പായതോടെയാണ് വയനാട്ടിലേക്ക് വരുന്നത്. മുസ്ലിം ലീഗിനെ ചത്തകുതിരയെന്നു വിശേഷിപ്പിച്ച നെഹ്റു കുടുംബാംഗത്തെ അതേ ലീഗിന്റെ ബലത്തിൽ മത്സരിപ്പിക്കേണ്ട ദയനീയാവസ്ഥയിലാണ് കോൺഗ്രസ്. ഇതിനേക്കാൾ വലിയ പരാജയം കോൺഗ്രസിന് എന്താണുള്ളതെന്നും പിള്ള ചോദിച്ചു. ലീഗിന്റെ കാലുപിടിച്ച് മത്സരിക്കുന്നതിനേക്കാൾ നല്ലത് എ.ഐ.സി.സി ആത്മഹത്യ ചെയ്യുന്നതാണ്. അവസാന മണിക്കൂറിൽ രാഹുലിനെ വയനാട്ടിലെ വോട്ടർമാരിൽ അടിച്ചേൽപ്പിച്ചത് പാർട്ടിയുടെ അപചയമാണ് കാണിക്കുന്നത്. സി.പി.എമ്മിന്റെ പിന്തുണയോടെയാണ് രാഹുൽ വരുന്നത്. ഇടതു പ്രവർത്തകരിലും ഇതിനെതിരെ പ്രതിഷേധമുണ്ട്. ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടി എൻ.ഡി.എ ഒറ്റക്കെട്ടോടെ രാഹുലിനെ പരാജയപ്പെടുത്താൻ പ്രവർത്തിക്കും