തിരുവനന്തപുരം : സമയം രാവിലെ പതിനൊന്നര. ചൂടിനെ വെല്ലുന്ന ആവേശത്തിലായിരുന്ന നെയ്യാറ്റിൻകരയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കത്തിക്കയറി. 'ബി.ജെ.പിയുടെ കൂട്ടത്തിൽ കൂടുതൽ പാർട്ടികളും ആളുകളും ഉള്ളതുകൊണ്ട് അവർ ജയിക്കുമെന്നാണ് അവകാശവാദം. ഇത് രാഷ്ട്രീയ മഹാഭാരതയുദ്ധമാണ്'' പ്രസംഗം ഇത്രയായപ്പോൾ എം. വിജയകുമാർ ഒരു തുണ്ട് കടലാസ് യെച്ചൂരിക്ക് കൈമാറി. അതൊന്നു തുറന്നു നോക്കി പോക്കറ്റിലിട്ടു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചു എന്ന സന്ദേശമായിരുന്നു അത്.
എന്നാൽ ഒരു ഭാവഭേദവും കൂടുതെ യെച്ചൂരി പ്രസംഗം തുടർന്നു. കൗരവന്മാരുടെ കൂട്ടത്തിൽ എനിക്ക് രണ്ടു പേരേ അറിയൂ. ദുര്യോധനനും ദുശാസനനും. അതു പോലെയാണ് ബി.ജെ.പിയിലും. ദുര്യോധനൻ നരേന്ദ്രമോദിയും. ദുശാസനൻ അമിത്ഷായും! - യെച്ചൂരി തുടർന്നു. എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ശിവദാസിന്റെ പരിഭാഷയ്‌ക്കു കാത്തു നിൽക്കാതെ ജനം ആരവം മുഴക്കി.
യെച്ചൂരിയുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നലെ നെയ്യാറ്റിൻകരയിലാണ് തുടങ്ങിയത്. വാഹനജാഥയുടെ അകമ്പടിയോടെയാണ് എൽ.ഡി.എഫിന്റെ യുവജന സംഘടനകളിലെ പ്രവർത്തകർ അദ്ദേഹത്തെ സമ്മേളന സ്ഥലത്തെത്തിച്ചത്. കെ.എ. അൻസലൻ എം.എൽ.എ യെച്ചൂരിയെ സ്വീകരിച്ചു. 'എനിക്കൊരു ഹാരം തരൂ...." തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരൻ അടുത്തു നിന്നവരോടു ചോദിച്ചു. കിട്ടിയത് പൊന്നാട. അത് യെച്ചൂരിയെ അണിയിച്ചു. സി. ദിവാകരന്റെ കൈപിടിച്ച് ഉയർത്തിയ നിമിഷം ഫോട്ടോ ഫ്ലാഷുകൾ മിന്നി.
പ്രിയപ്പെട്ട സുഹൃത്തുക്കളേ, എനിക്ക് മലയാളം അറിയില്ല. മാതൃഭാഷ തെലുങ്കാണ്. അതുകൊണ്ട് ഇംഗ്ളീഷിൽ സംസാരിക്കാമെന്ന് വ്യക്തമായ മലയാളത്തിൽ പറഞ്ഞ ശേഷമായിരുന്നു പ്രസംഗം. മോദി സർക്കാരിനെ തുടക്കം മുതൽ ഒടുക്കം വരെ ആക്രമിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട്അപ്പ് ഇന്ത്യ എന്നിങ്ങനെ ഓരോ കഥ പറയുന്നതല്ലാതെ ജനക്ഷേമം ഉറപ്പുവരുത്തുന്ന പ്രധാനമന്ത്രിയുടെ ജോലി മോദി നിർവഹിക്കുന്നില്ല. പ്രധാനമന്ത്രിയുടെ ഉടമ ജനങ്ങളാണ്. അതുകൊണ്ട് മോദിയ പിരിച്ചുവിടേണ്ടതും നമ്മുടെ കർത്തവ്യമാണ്.
പ്രസംഗം അവസാനിപ്പിച്ച് മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരെ അനുമോദിച്ചുകൊണ്ട് കാറിൽ കയറി യെച്ചൂരി നഗരത്തിലേക്ക് തിരിച്ചു. നേരെ കേസരി ഹാളിൽ മാദ്ധ്യമ പ്രവർത്തകരുമായി മുഖാമുഖം. ഉയർന്നതേറെയും രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങൾ. 20 മിനിട്ട് കഴിഞ്ഞ് അവിടെ നിന്ന് പുറത്തേക്ക്. ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകിട്ട് നാലരയോടെ പേട്ടയിലെ നഗരസഭ ഓപ്പൺ എയർ ആഡിറ്റോറിയത്തിലേക്ക്. തുറന്ന ജീപ്പിൽ വാദ്യമേളത്തിന്റെ അകടമ്പടിയോടെ സ്വീകരണം. തിരഞ്ഞെടുപ്പിനുശേഷം മതേതരസഖ്യം രൂപീകരിച്ച് സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്ന് യെച്ചൂരി പറഞ്ഞു. ജനനന്മയ്‌ക്കുള്ള തീരുമാനം ഉണ്ടാകണമെങ്കിൽ കൂടുതൽ ഇടതുപക്ഷ എം.പിമാർ വേണം. 96ലും 2004ലുമൊക്കെ അങ്ങനെയാണ് സംഭവിച്ചത്. ഇത്തവണ കേരളത്തിലെ എൽ.ഡി.എഫിന്റെ 20 സ്ഥാനാർത്ഥികളെയും ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ പി. രാജു, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വൈകിട്ട് ആറിന് ആറ്റിങ്ങലിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സമ്പത്തിനു വേണ്ടി യെച്ചൂരി വോട്ടു ചോദിച്ചെത്തി. രാത്രി പാലോടും സംസാരിച്ചു.