തിരുവനന്തപുരം: ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും വിലയിരുത്തപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല വിഷയം ചർച്ചയാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം പ്രസ്ക്ളബിന്റെ 'ജനായത്തം- 2019' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സംസ്ഥാന സർക്കാരിന് എതിരെയുള്ള നിലപാട് എങ്ങുമില്ല. ശബരിമലയുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇപ്പോൾ നിലനിൽക്കുന്നില്ല. ദേശീയതലത്തിലെ പ്രശ്‌നങ്ങളാണ് പ്രധാനമായും ഉയർന്നുവരുന്നത്. ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തിൽ ബി.ജെ.പി നടത്തിയ സമരം അവർക്ക് തിരിച്ചടിയാവും. എൻ.എസ്.എസ് പഴയ സമദൂര നിലപാടിൽ ഉറച്ചു നിൽക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അത് സ്വാഗതാർഹമാണ്. കോ-ലീ-ബി അവിശുദ്ധസഖ്യം രണ്ട് മൂന്ന് മണ്ഡലങ്ങളിൽ നിലനിൽക്കുന്നുണ്ട്. പല പ്രബലർക്കെതിരെയും സ്ഥാനാർത്ഥികളെ നിറുത്താൻ കഴിയാതിരുന്നത് നാം കണ്ടതാണ്. ആർ.എസ്.എസിനും സംഘപരിവാറിനുമൊപ്പം നിന്നചിലരുണ്ട്. അവർ അതിനുള്ള കരാറുമുണ്ടാക്കിയിട്ടുണ്ട്. പല തിരഞ്ഞെടുപ്പുകളിലും ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടായിട്ടുണ്ട്. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുള്ളത് ഇടതു മുന്നണിയാണെന്നത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അറിയാം. വയനാടിന് ചുറ്രും മത്സരിക്കുന്നത് ഏത് വിഭാഗക്കാരെന്നും ന്യൂനപക്ഷങ്ങൾക്ക് ബോദ്ധ്യമുണ്ട്.
അവിശുദ്ധ കൂട്ട്കെട്ട് ഏതെല്ലാം മണ്ഡലങ്ങളിലാണുള്ളതെന്ന ചോദ്യത്തിന് 'അത് നിങ്ങൾക്ക് അറിവുള്ളതാണല്ലൊ' എന്നായിരുന്നു മറുപടി.കൊല്ലത്ത് ഇത്തരമൊരു സഖ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടി. പ്രസ്ക്ളബ് പ്രസിഡന്റ് ജി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.