photo

നെടുമങ്ങാട്: കൊടും വേനലിലും കരുണ വറ്റാതെ ഒഴുകുകയാണ് ജില്ലയുടെ കുടിനീർ വാഹികളായ കരമനയാറും വാമനപുരം നദിയും. മാലിന്യ നിക്ഷേപവും അനധികൃത കൈയേറ്റവും ഒഴിച്ചാൽ വരുന്ന മൂന്ന് മാസത്തെ വരൾച്ചയെ നേരിടാൻ നദികൾ തയാറാണെന്നാണ് ജല അതോറിട്ടി ഉദ്യോഗസ്ഥരുടെ പഠന റിപ്പോർട്ട്. എന്നാൽ ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ വാമനപുരം നദിക്കരയിലെ പമ്പിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം അവതാളത്തിലാകുമെന്നാണ് അധികൃതരുടെ ആശങ്ക. 2017ൽ ഡാമിലെ വെള്ളത്തിന്റെ അളവ് 96 മീറ്ററായി താഴ്ന്നിരുന്നു. ഇതോടെയാണ് തലസ്ഥാനത്തേക്ക് വെള്ളമെത്തിക്കാൻ അധികൃതർ തീരുമാനിക്കുന്നത്, എന്നാൽ കരമനയാറിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. പരിശോധനയിൽ വാമനപുരം നദിയുടെ പലഭാഗത്തും ജലനിരപ്പിൽ കാര്യമായ കുറവ് കണ്ടെത്തിയിട്ടുണ്ട്. പമ്പിംഗ് നിയന്ത്രണം ഏർപ്പെടുത്തിയാൽ നെടുമങ്ങാടിന് പുറമേ, ആറ്റിങ്ങൽ,വർക്കല എന്നീ നഗരസഭകളിലും ഇരുപതോളം ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജല വിതരണം പ്രതിസന്ധിയിലാവും.

2.60 ലക്ഷം വാട്ടർ കണക്ഷനുകൾ ഉൾപ്പെടെ 10 ലക്ഷം ഉപഭോക്താക്കൾക്കാണ് അരുവിക്കര ഡാമിൽ നിന്ന് വെള്ളമെത്തിക്കുന്നത്. വാമനപുരം നദിയിൽ നിന്ന് 170 എം.എൽ.ഡി വെള്ളമാണ് വിവിധ പമ്പിംഗ് സ്റ്റേഷനുകളിലൂടെ വിതരണം ചെയ്യുന്നത്. വേനൽമഴ പെയ്തില്ലെങ്കിൽ നദിയിൽ നിന്നുള്ള പമ്പിംഗിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചനയുണ്ടെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. അമ്പതോളം പമ്പിംഗ് സ്റ്റേഷനുകൾ വാമനപുരം നദിക്കരയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട അവനവഞ്ചേരി, അയിലം കടവ് പമ്പ് ഹൗസുകളിൽ നിന്നുള്ള വെള്ളമാണ് നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നത്.