തിരുവനന്തപുരം: കടുത്ത ചൂടിൽനിന്ന് വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ ഭക്ഷണക്കാര്യത്തിൽ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരളാ ഫീഡ്സ് ലിമിറ്റഡ് അറിയിച്ചു. ചൂട് ഏറ്റവുമധികം ബാധിക്കാൻ സാദ്ധ്യതയുള്ളത് സങ്കരയിനം പശുക്കളെയാണ്. ഇവയ്ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. പോഷകസന്തുലിതമായ തീറ്റ നൽകുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് കേരളാ ഫീഡ്സ് അസിസ്റ്റന്റ് മാനേജരും ന്യൂട്രീഷനിസ്റ്റുമായ ഡോ.കെ.എസ്. അനുരാജ് അറിയിച്ചു. പകൽ 11മുതൽ 5വരെ വളർത്തുമൃഗങ്ങളെ തുറസായ ഇടങ്ങളിൽ കെട്ടരുത്. ധാരാളം ശുദ്ധജലം ഉറപ്പാക്കണം. കാലിത്തീറ്റ രാവിലെ 10ന് മുൻപും വൈകിട്ട് 5ന് ശേഷവുമാണ് നൽകേണ്ടത്. സാധാരണ അളവിൽ നൽകുന്ന തീറ്റ പല തവണയായി ചെറിയ അളവിൽ നൽകുന്നതാണ് നല്ലത്. വൈക്കോൽ, പിണ്ണാക്ക്, കാലിത്തീറ്റ മുതലായവ ചൂട് സമയങ്ങളിൽ നൽകാതെ രാവിലെയോ വൈകിട്ടോ മാത്രം നൽകണം.തൊഴുത്തിന്റെ മേൽക്കൂരയിലും പശുവിന്റെ ദേഹത്തും നനഞ്ഞ ചണച്ചാക്ക് ഇടുന്നത് നല്ലതാണ്. അത്യുഷ്ണസമയങ്ങളിൽ പശുക്കളെ നേരിട്ട് കുളിപ്പിക്കുന്നത് നല്ലതല്ലെന്നും കേരള ഫീഡ്സ് പത്രക്കുറിപ്പിൽ അറിയിച്ചു.