election-2019

 മറുതന്ത്രങ്ങൾ ശക്തമാക്കി ഇടതുമുന്നണി

തിരുവനന്തപുരം:യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആവേശത്തിരയിളക്കി കോൺഗ്രസ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു. രാഹുൽഗാന്ധിയെ കേന്ദ്രീകരിച്ചാവും ഇനി പ്രചരണഗതി. ഇടതുപക്ഷത്തിനെതിരെ മത്സരിച്ച് എന്തു സന്ദേശമാണ് നൽകുന്നതെന്ന സി.പി.എമ്മിന്റെ ചോദ്യവും അമേതിയിൽ തോൽവി ഭയന്ന് മുസ്ലിംലീഗിന്റെ പിന്തുണയോടെ സുരക്ഷിതമണ്ഡലം തേടുന്നുവെന്ന ബി.ജെ.പി വിമർശനവും ഇതിന്റെ ആദ്യസൂചന നൽകിക്കഴിഞ്ഞു.

ഒരാഴ്ചത്തെ നിരാശയ്ക്ക് വിരാമമായതോടെ പ്രചാരണവേദികളിൽ യു.ഡി.എഫ് കൂടുതൽ സജീവമായി. രാഹുൽ പിന്മാറിയാലുണ്ടാകുമായിരുന്ന ആഘാതമോർത്ത് വിഷമിച്ചു നിന്ന സംസ്ഥാന നേതൃത്വത്തിനും രാഹുലിന്റെ സ്ഥാനാർത്ഥിത്വം ആശ്വാസമായി.

സുരക്ഷിതമണ്ഡലമായ വയനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം സൃഷ്ടിച്ച ഗ്രൂപ്പു തർക്കം ജയസാദ്ധ്യതയെയും ബാധിച്ചേക്കാമെന്ന ആശങ്കയ്ക്കിടെയായിരുന്നു രാഹുലിന്റെ പേര് കടന്നുവരുന്നത്. രാഹുൽ ഇഫക്ടിൽ കേരളത്തിലാകെ മുന്നേറ്റമുണ്ടാക്കാമെന്നാണ് പ്രതീക്ഷ. ഇന്നലെ അണികളിലുണ്ടായ വർദ്ധിത ആവേശം പ്രചാരണത്തിലും പ്രതിഫലിപ്പിക്കാമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. വയനാട്ടിൽ മത്സരിക്കുന്നതിനാൽ കേരളത്തിൽ കൂടുതൽ ദിവസങ്ങളിൽ രാഹുലിന്റെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുണ്ട്. അത് പ്രവർത്തകരിലുണ്ടാക്കുന്ന ഊർജ്ജം താഴേത്തട്ടിൽ ദുർബലമായ സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഉപകരിച്ചേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ചോർന്നു പോയെന്നു കരുതുന്ന മതന്യൂനപക്ഷ പിന്തുണ തിരിച്ചെത്തുമെന്ന വിലയിരുത്തലും യു.ഡി.എഫിലുണ്ട്. പ്രത്യേകിച്ച്,​ രാഹുലിനായി ലീഗ് നേതൃത്വവും ചരടുവലിച്ച പശ്ചാത്തലത്തിൽ.

എന്നാൽ,​ മതന്യൂനപക്ഷങ്ങൾ പൂർണ്ണമായി യു.ഡി.എഫിന് അനുകൂലമാകുമെന്ന് ഇടതുപക്ഷം കരുതുന്നില്ല. രാഹുലിനെ ഉയർത്തിക്കാട്ടി യു.ഡി.എഫ് നടത്താൻപോകുന്ന അത്തരം പ്രചാരണങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങളാവും ഇടതുപക്ഷം പയറ്റുക. ബാബറി മസ്ജിദ് തകർത്ത വേളയിലെ നിസംഗതയും ഗോവധ നിരോധനത്തിലെ നിലപാടുകളുമടക്കം കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനങ്ങളെ തുറന്നുകാട്ടും. രാമക്ഷേത്രനിർമ്മാണം സംഘപരിവാർ മുഖ്യപ്രചരണായുധമാക്കവേ,​ കോൺഗ്രസ് നിലപാട് എന്തെന്ന ചോദ്യവും ഉയരും. ഗോവധനിരോധനത്തെ അനുകൂലിക്കുന്ന ദിഗ്‌വിജയ് സിംഗിന്റേതടക്കമുള്ള നിലപാടുകൾ,​ കർഷക വിഷയങ്ങളിലടക്കം മോദിക്കെതിരെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഇടതുപക്ഷത്തിനെതിരെ വയനാട്ടിൽ മത്സരിക്കുന്നതിലെ രാഷ്ട്രീയ സത്യസന്ധതയില്ലായ്മ എന്നിവയാകും പ്രചരണായുധങ്ങൾ. രാഹുൽ രണ്ടിടത്തും ജയിച്ചാൽ വയനാടിനെ കൈയൊഴിയുമോ എന്ന ചോദ്യത്തിനും കോൺഗ്രസ് ഉത്തരം പറയേണ്ടിവരും. ശബരിമലവിഷയത്തിൽ ഭരണഘടനാ മൂല്യസംരക്ഷണത്തിന് നിലകൊണ്ട ഇടതിനൊപ്പമോ അതോ തള്ളിപ്പറഞ്ഞ ബി.ജെ.പി - കോൺഗ്രസ് നിലപാടുകൾക്കൊപ്പമോ എന്ന ചോദ്യവും രാഹുൽ നേരിടേണ്ടിവന്നേക്കാം.

കോൺഗ്രസ്- ലീഗ്- ബി.ജെ.പി സഖ്യം ഉണ്ടെന്ന് സി.പി.എം ആരോപിക്കുന്ന അഞ്ചു മണ്ഡലങ്ങളിൽ മലബാറിലെ കണ്ണൂർ,​ വടകര,​ കോഴിക്കോട് മണ്ഡലങ്ങളുമുണ്ട്. വയനാട്ടിൽ രാഹുലെത്തുമ്പോൾ ഈ ആക്ഷേപത്തിന്റെ പ്രസക്തിയെന്തെന്ന് കോൺഗ്രസ് ചോദിക്കും.രാഹുൽ വരുമ്പോൾ ബി.ജെ.പിക്ക് കൂടുതൽ അവസരം തുറന്നുകൊടുക്കുകയാണെന്നും തെക്കൻ ജില്ലകളിലടക്കം കോൺഗ്രസ്- ബി.ജെ.പി സഖ്യം ശക്തമാകുമെന്നുമാണ് ഇടതു മറുവാദം.

അമേതി സുരക്ഷിതമല്ലെന്നതിനാൽ ലീഗിന്റെ ഔദാര്യത്തോടെ രാഹുൽ വയനാട്ടിലെത്തുന്നുവെന്നതാകും ബി.ജെ.പി പ്രചരണത്തിന്റെ കുന്തമുന. മുസ്ലീം ന്യൂനപക്ഷ പിന്തുണ തേടി ജയിക്കാൻ നോക്കുന്നുവെന്ന പ്രചരണം അവർ ഉത്തരേന്ത്യയിലടക്കം ശക്തമാക്കും.