തിരുവനന്തപുരം : അഞ്ചു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കുന്ന പുതിയ ഉത്തരവ് ഇന്ന് നിലവിൽ വരും. എങ്കിലും ഈ വിഭാഗത്തിലുള്ളവർ റിട്ടേൺ നൽകണം. ശമ്പള വിഭാഗത്തിലുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ നാല്പതിനായിരത്തിൽ നിന്ന് അമ്പതിനായിരമാക്കിയിട്ടുണ്ട്. ഉപയോഗിക്കാത്ത രണ്ടാം വീടിന് ആദായനികുതി നൽകണമെന്നും ബാങ്ക് നിക്ഷേപത്തിന് പതിനായിരം രൂപയിൽ കൂടുതൽ പലിശ ലഭിക്കുന്നുണ്ടെങ്കിൽ ടി.ഡി.എസ് നൽകണമെന്നുമുള്ള വ്യവസ്ഥകളും ഇന്നുമുതൽ മാറും. 40000 രൂപയ്‌ക്ക് മേൽ പലിശവരുമാനമുണ്ടെങ്കിൽ മാത്രം ഇനി ഇത്തരം ഫോം നൽകിയാൽ മതി.
വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശക്രമത്തിലും മാറ്റമുണ്ടാകും. ഇതുസംബന്ധിച്ച അന്തിമ മാർഗനിർദ്ദേശം റിസർവ് ബാങ്ക് പുറത്തിറക്കും. ഷെയർ കൈമാറ്റം ഇന്ന് മുതൽ ഒാൺലൈനിലൂടെയേ നടത്താനാകൂ. റിയൽ എസ്റ്റേറ്റ് രംഗത്തെ പുതിയ ജി.എസ്.ടി ക്രമവും ഇന്നു നിലവിൽ വരും. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വസ്‌തുക്കളുടെ ജി.എസ്.ടി 12ൽ നിന്ന് അഞ്ച് ശതമാനമാക്കി. ഇതോടെ ഇൗ വിഭാഗത്തിന് ഇൻപുട്ട് ടാക്‌സ് ഒഴിവായി. ഇത് റിയൽ എസ്റ്റേറ്റ് രംഗത്തിന് ഉണർവേകും.
ബഡ്ജറ്റ് പ്രഖ്യാപനത്തിനനുസരിച്ച് സംസ്ഥാനത്ത് റവന്യൂ സേവന നിരക്ക് ഇന്നു മുതൽ അഞ്ച് ശതമാനം കൂടും.
തദ്ദേശസ്ഥാപനങ്ങളിലും മുനിസിപ്പൽ, നഗരസഭാ മേഖലകളിലുംജലസേചനം, കുടിവെള്ളവിതരണം, ഭൂമി പാട്ടം, പോക്കുവരവ്, റീസർവേ, നിർമ്മാണാനുമതി, കല്ലുവെട്ട്, വൃക്ഷപാട്ടം, കൃഷി പാട്ടം, ആശുപത്രി ഫീസ് തുടങ്ങിയ സേവനങ്ങൾക്ക് നിരക്ക് ഉയരും.
സംസ്ഥാനത്തെ നികുതി വർദ്ധന ഇങ്ങനെ
പോക്കുവരവ്
കുറഞ്ഞ നിരക്ക് : മുമ്പ് - 40, ഇനി : 45 രൂപ
കൂടിയത്: മുമ്പ് - 790, ഇനി : 830 രൂപ
മുമ്പ് ഇന്ന് മുതൽ
റീസർവേ, സർവേ 240 രൂപ 255 രൂപ
നിർമ്മാണാനുമതി 55 രൂപ 60 രൂപ
കല്ലുവെട്ട്, ചുണാമ്പ്
കല്ലെടുക്കൽ അനുമതി 525 രൂപ 555 രൂപ
വൃക്ഷ പാട്ടം- തെങ്ങ് 105 രൂപ 115 രൂപ (കമുക്, പ്ളാവ്, മാവ് തുടങ്ങിയ വിഭാഗങ്ങൾക്കും മാറ്റമുണ്ടാകും)
ഭൂമി കാർഷികപാട്ട നിരക്ക്
100 ഹെക്ടറിന് മുകളിൽ 1365 രൂപ (ഹെക്ടർ) 1435 രൂപ
ഭൂമി പാട്ട നിരക്ക് 5000 രൂപയോ, ഭൂമിയുടെ വിലയുടെ 2ശതമാനമോ ആണ് കുറഞ്ഞ നിരക്ക്. ഇത് അഞ്ച് ശതമാനമാകും
ഇൻകം ടാക്സ്, ജി.എസ്.ടി ഒാഫീസുകൾ ഇന്നലെയും പ്രവർത്തിച്ചു
സാമ്പത്തിക വർഷാവസാനമായതിനാൽ സംസ്ഥാനത്തെ ജി.എസ്.ടി നികുതി ഒാഫീസുകൾ രാത്രി വൈകുവോളം പ്രവർത്തിച്ചു. റിട്ടേണുകൾ സമർപ്പിക്കാനും അഡ്വാൻസ് ടാക്‌സ് അടയ്ക്കാനും കുടിശിക ഇളവുകൾ നേടാനും കുടിശിക അടയ്ക്കാനുമായി വൻതിരക്കായിരുന്നു. സംസ്ഥാന ട്രഷറി സാമ്പത്തികവർഷാവസാനത്തിൽ ഉച്ചവരെ പ്രവർത്തിച്ചു. സാധാരണ രാത്രി വൈകുന്നത് വരെ പ്രവർത്തിക്കാറുണ്ടായിരുന്നെങ്കിലും ഇക്കുറി സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളും മൂലം ഇടപാടുകൾ കുറവായിരുന്നു. ട്രഷറികൾക്ക് ഇന്ന് അവധിയാണ്.