പാറശാല: ട്രെയിനിൽ കഞ്ചാവ് കടത്തിയ യാത്രക്കാരനെ പാറശാല റയിൽവേ പൊലീസ് പിടികൂടി.
കൊല്ലം കൊട്ടിയം ഉമയനല്ലൂർ തഴുത്തലയിൽ സുധീഷാണ് (22) പിടിയിലായത്. ട്രെയിനിൽ കഞ്ചാവ് കടത്തുന്നെന്ന് റയിൽവെ എസ്.പി.മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.
ഇന്നലെ രാവിലെ 6 ന് പാറശാല റെയിൽവേ സ്റ്റേഷനിൽ എത്തിയ മധുര - പുനലൂർ പാസഞ്ചർ ട്രെയിനിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.ട്രെയിനിൽ പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ ഇയാൾ ബാഗുകമായി പുറത്തേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു.
ഇയാളിൽ നിന്ന് 600 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പാറശാല റയിൽവെ സ്റ്റേഷനിലെ എസ്.എച്ച്.ഒ ശരത്ത്, എ.എസ്.ഐ. ജോൺ വിക്ടർ, സി.പി.ഒ മാരായ അജേഷ്, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.