tar-cutting

വർക്കല: വെള്ളിയാഴ്ച റോഡ് റീടാർ ചെയ്തു ശനിയാഴ്ച വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ചു. ആയുർവേദാശുപത്രി ജംഗ്ഷൻ മുതൽ ഗുഡ്ഷെഡ് റോഡ് തുടങ്ങുന്നതുവരെയുള്ള റോഡാണ് ടാർ ചെയ്തതിന്റെ പിറ്രേ ദിവസം വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ചത്.

റോഡ് തുടങ്ങുന്ന വാട്ടർ അതോറിട്ടി ഓഫീസിന് മുൻവശത്താണ് വെട്ടിപ്പൊളിച്ചത്. കുടിവെള്ള പൈപ്പിലെ ചോർച്ച കണ്ടെത്താനാണ് റോഡ് വെട്ടിപ്പൊളിച്ചതെന്നാണ് വാട്ടർ അതോറിട്ടിയുടെ ന്യായീകരണം. തലേദിവസം ടാറിംഗ് നടന്നു കൊണ്ടിരിക്കുമ്പോഴെങ്കിലും ഈ പണി ചെയ്യാമായിരുന്നു എന്നാണ് മറുവാദം. എന്തായാലും റോഡ് വെട്ടിപ്പൊളിച്ചത് നാട്ടുകാരടക്കം കണ്ടുനിന്നവരുടെയെല്ലാം പ്രതിഷേധത്തിനിടയാക്കി. പുത്തൻചന്ത മുതൽ സബ് ട്രഷറി വരെയുളള സ്ഥലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് റോഡ് വെട്ടിപ്പൊളിച്ചതെന്ന് ജലഅതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. പുത്തൻചന്ത, ടെലഫോൺ എക്സ്ചേഞ്ച് റോഡ്, ആയുർവേദാശുപത്രി, ട്രഷറി ഭാഗങ്ങളിൽ നാല് ദിവസമായി കുടിവെള്ളമില്ലായിരുന്നു. പൈപ്പ് പൊട്ടിയതു മൂലമാണ് ജലവിതരണം നിലച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. വെള്ളം ഓടയിലേക്ക് ഒഴുകിപോവുകയായിരുന്നു. പുത്തൻചന്തയിൽ നിന്നുള്ള ഓട വാട്ടർ അതോറിട്ടി ഓഫീസിന്റെ മുൻഭാഗത്ത് നിന്നാണ് റോഡ് മുറിച്ച് പ്രധാന ഓടയിൽ ചേരുന്നത്. ഇവിടെ ഓട മുറിച്ചാണ് ജലവിതരണ പൈപ്പ് കടന്നുപോകുന്നത്. ഒരു ദിവസം മുൻപ് ചോർച്ച മാറ്രാനുളള പണി നടത്തിയിരുന്നെങ്കിൽ പൊതു മുതൽ നഷ്ടപ്പെടുത്തി റോഡ് വെട്ടിപ്പൊളിക്കേണ്ടി വരില്ലായിരുന്നു. സർക്കാർ വകുപ്പുകൾ തമ്മിലുള്ള പരസ്പരധാരണ ഇല്ലായ്മയാണ് ഇത്തരത്തിൽ പൊതുമുതൽ നശിപ്പിക്കുന്നതെന്ന് വ്യക്തമാണ്.