excise-raid

പാറശാല: തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് ബൈക്കിൽ കടത്തിയ 1.1 കിലോ കഞ്ചാവുമായി രണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥികൾ അമരവിള എക്സൈസിന്റെ പിടിയിലായി. കൊല്ലം മയ്യനാട് കൂട്ടിക്കട അക്കോലച്ചേരി പടിയിൽ വീട്ടിൽ ജാസിൻ മുഹമ്മദ് (21), എറണാകുളം തണയന്നൂർ ഇടപ്പള്ളി സൗത്ത് മാമംഗലം തൈപ്പറമ്പിൽ വീട്ടിൽ പ്രിൻസ് ബെന്നറ്റ് (24) എന്നിവരാണ് പിടിയിലായത്. ഇരുവരും തമിഴ്‌നാട്ടിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ്. ശനിയാഴ്ച രാത്രി 9ന് ദേശീയപാതയിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പാറശാല പവതിയാൻവിളയ്ക്ക് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച തമിഴ്‌നാട് രജിസ്ട്രേഷനുള്ള ബൈക്കും പിടിച്ചെടുത്തു.

അമരവിള എക്സൈസ് ഇൻസ്പെക്ടർ അജീഷ് .എൽ.ആർ, പ്രിവന്റീവ് ഓഫീസർമാരായ മഹേഷ്, സന്തോഷ്, വിജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിനേഷ്, അനീഷ്, അഭിജിത്ത്, വിനോദ് കുമാർ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.