harop-drone

തിരുവനന്തപുരം: വിമാനത്താവളത്തിനുള്ളിൽ ഡ്രോൺ പറന്ന് വീണ സംഭവത്തിൽ അച്ഛനും മകനും എതിരെ പൊലീസ് കേസ് എടുത്തു. അതീവ സുരക്ഷാ മേഖലയിൽ നിരോധനം ലംഘിച്ച് ഡ്രോൺ പറത്തിയതിന് ശ്രീകാര്യം സ്വദേശി നൗഷാദിനും മകനും എതിരെയാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. ശനിയാഴ്ച രാത്രിയിൽ ശംഖുംമുഖം ബീച്ചിൽ എത്തിയ നൗഷാദും കുടംബവും ബീച്ചിൽ വിശ്രമിക്കുന്നതിനിടെ മക്കൾ ചൈനീസ് നിർമ്മിതമായ നാനോ ഡ്രോൺ ബീച്ചിൽ പറത്തി കളിച്ചു. ഇതിനിടെ റിമോട്ട് കൺട്രോളിൽ നിന്നും നിയന്ത്രണം വിട്ട ഡ്രോൺ പറന്ന് ആഭ്യന്തര വിമാനത്താവളത്തിനുള്ളിൽ അതീവ സുരക്ഷാ പരിശോധനയുള്ള സി.ഐ.എസ്.എഫിന്റെ സെക്യൂരിറ്റി ഏരിയയിൽ പതിക്കുകയായിരുന്നു. വിമാനത്താവളത്തിനുള്ളിൽ ഡ്രോൺ വീണത് കണ്ട് സി.ഐ.എസ്.എഫ് അധികൃതർ ഉന്നതരെ വിവരം അറിയിച്ചു.ഉടൻ സുരക്ഷാ സംഘം സ്ഥലത്ത് എത്തി ഡ്രോൺ പരിശോധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബീച്ചിൽ ഉണ്ടായിരുന്ന നൗഷാദിനെയും കുടംബത്തെയും കണ്ടത്തി. ഉടൻ തന്നെ ഇവരെ വലിയതുറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഐ.ബി.ഉൾപ്പെടയുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തു. വിദേശത്ത് ഉള്ള ബന്ധു നാട്ടിൽ എത്തിയപ്പോൾ മക്കൾക്ക് കളിക്കാൻ കൊടുത്ത ചൈനീസ് നിർമ്മിതമായ ഡ്രോൺ ആണെന്നും ഇടയ്ക്ക് ബീച്ചിൽ എത്തുമ്പോൾ മക്കൾ ഇത് പറത്താറുണ്ടെന്നും, ഇതിന് ഇത്രയേറെ പ്രത്യാഘാതം ഉണ്ടാകുമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും നൗഷാദ് മൊഴി നൽകി. തുടർന്ന് ഇവരെ കേസ് എടുത്ത ശേഷം ഇന്നലെ വൈകിട്ട് വിട്ടയച്ചു.