ആറ്റിങ്ങൽ: ആർ.എസ്.എസ് നിശ്ചയിക്കുന്ന ഫാസിസ്റ്റ് രാജ്യം പടുത്തുയർത്തുന്ന ബി.ജെ.പി ഇനിയും അധികാരത്തിൽ വന്നാൽ മതനിരപേക്ഷതയും ജനാധിപത്യവും നിലനിൽക്കുന്ന ഇന്ത്യ മറ്റെന്തൊക്കെയോ ആയിത്തീരുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.എൽ.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം മാമം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത കാത്തുസൂക്ഷിച്ചേ പറ്റൂ എന്ന് കേരളീയർക്കറിയാം. ജനാധിപത്യം കാത്തു സൂക്ഷിച്ചാലേ ഉയർച്ച ഉണ്ടാകൂ എന്നും എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാൻ എന്തുവേണമെന്നും കേരളത്തിലുള്ളവരെ പഠിപ്പിക്കേണ്ട ആവശ്യമില്ല. അറിഞ്ഞ് പ്രവർത്തിക്കുന്നവരാണ് അവർ. യുവത്വത്തെ ലക്ഷ്യബോധമില്ലാത്തവരാക്കി മാറ്റി അക്രമത്തിലേക്കു തിരിച്ചു വിടുകയായിരുന്നു ഈ അഞ്ചു വർഷത്തെ ബി.ജെ.പി ഭരണം. സ്വകാര്യ വത്കരണത്തിലൂടെ അവർ പുതിയ തൊഴിൽ മാർഗങ്ങൾ ഇല്ലാതാക്കുകയായിരുന്നു. കർഷകർ അനുഭവിക്കുന്ന ദുരിതം പറയാതിരിക്കുന്നതാണ് ഭേദം. കോടിക്കണക്കിനു രൂപയാണ് കോർപറേറ്റുകൾക്ക് ചുമ്മാ കൊടുത്തത്. രാജ്യത്തിലെ 73 ശതമാനം വരുന്ന ധനം ഒരു ശതമാനം വരുന്നവരുടെ കൈകളിൽ എത്തിച്ചത് ബി.ജെ.പി സർക്കാരാണ്. പാവപ്പെട്ടവർ ദുരിതത്തിൽ നിന്ന് കടുത്ത ദുരിതത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. ആനാവൂർ നാഗപ്പൻ, എൻ. രാജൻ, വി. ശിവൻകുട്ടി, ആർ. രാമു, എം. പ്രദീപ്, ജയചന്ദ്രൻ, ഉഴമലയ്ക്കൽ വിജയൻ, ജി. സുഗുണൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ സ്വാഗതം പറഞ്ഞു.