വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പുലിമുട്ട് നിർമ്മിക്കാനായി ഗുജറാത്തിൽ നിന്നെത്തിച്ച കല്ല് ഇറക്കാനാകാതെ കപ്പൽ തൂത്തുക്കുടിയിലേക്ക് പോകുന്നു. മാർച്ച് 6 മുതൽ തുടരുന്ന ശക്തമായ കടൽക്ഷോഭമാണ് കല്ല് ഇറക്കാനാകാത്തതിന് കാരണം.
കപ്പലിൽ നിന്ന് കല്ല് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് കടൽക്ഷോഭം വില്ലനായത്.
ഗുജറാത്തിലെ മുംദ്ര തുറമുഖത്തു നിന്നാണ് ഫെബ്രുവരിയിൽ വിഴിഞ്ഞത്ത് കല്ല് എത്തിച്ചത്. ഇതിൽ നിന്നും മുക്കാൽ ഭാഗം കല്ല് ബോട്ടം ഓപ്പൺ ബാർജിലേക്ക് മാറ്റിയിരുന്നു. ശേഷിച്ച കല്ലുകൾ നീക്കം ചെയ്യുന്നതിനായി കടൽ ശാന്തമാകുന്നതുവരെ കാത്തിരുന്നു. എന്നാൽ കടൽക്ഷോഭം രൂക്ഷമായതിനാൽ കല്ല് ഇറക്കാനാകാതെ തൂത്തുക്കുടിയിലേക്ക് പോകുകയാണ്.
കഴിഞ്ഞ മാസം ഒരു ആഴ്ച കൊണ്ട് കപ്പലിൽ നിന്നു കല്ല് ബാർജിലേക്ക് മാറ്റേണ്ടതായിരുന്നു എന്നാൽ കടൽ പ്രക്ഷുബ്ധമായത് തിരിച്ചടിയായി.
അതേസമയം വിഴിഞ്ഞത്ത് തുടരുന്ന രണ്ട് ബാർജുകൾ വഴി
കൊല്ലത്തു നിന്നു കല്ലെത്തിക്കുന്ന ജോലി തുടരുകയാണ്.
2000 ടൺ ഭാരം താങ്ങാൻ ശേഷിയുള്ള ബോട്ടം ഓപ്പൺ ബാർജും 6000ത്തിലധികം ടൺ താങ്ങാൻ ശേഷിയുള്ള ടിയാൻജൻ ബാർജുമാണ് ഇവിടെയുള്ളത്. കപ്പലിൽ നിന്നു ബാർജിലേക്ക് കല്ല് നീക്കം ചെയ്യുന്നതിന് സഹായത്തിനായി 250 ടണ്ണിലധികം ഭാരമുള്ള കൂറ്റൻ എസ്കവേറ്റർ ക്രെയിനിന്റെ സഹായത്തോടെ ബാർജിൽ എത്തിച്ചിരുന്നു.
ഗുജറാത്തിൽ നിന്നെത്തിച്ചത്: 30000 ടൺ കല്ല്
നീക്കം ചെയ്യേണ്ടത്: 8000 ടൺ കല്ല്