തിരുവനന്തപുരം: ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരനും മുൻമന്ത്രി സി. ദിവാകരനും നയതന്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. ശശി തരൂരും ഏറ്റുമുട്ടുന്നതിലൂടെ ശ്രദ്ധേയമായ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ദേശീയ നേതാക്കളെത്തുന്നു. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി രണ്ടിടത്ത് സംസാരിച്ചു. കൂടുതൽ ഇടതു നേതാക്കളും എ.കെ. ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും മുതിർന്ന ബി.ജെ.പി നേതാക്കളും നഗരത്തിലെത്തും.
ഡോ. ശശി തരൂർ ഇന്ന് പത്രിക നൽകുന്നതോടെ പത്രികാസമർപ്പണം പൂർത്തിയാകും. സി. ദിവാകരൻ മൂന്നാം ഘട്ട പ്രചാരണത്തിലേക്ക് കടന്നു. ശശി തരൂർ രണ്ടാംഘട്ടമായി മണ്ഡലം പര്യടനം ഇന്നാരംഭിക്കും.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയും വീരരാഘവനെയും വന്ദിച്ചായിരുന്നു ഇന്നലെ കുമ്മനം രാജശേഖരന്റെ നെയ്യാറ്റിൻകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം. അത്താഴ മംഗലത്ത് വീരരാഘവന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കമുകിൻകോട് സെന്റ് ആന്റണീസ് ചർച്ചിലും മണക്കോട് അസംബ്ലീസ് ഒഫ് ഗോഡ് ചർച്ചിലും പൊഴിയൂർ പരുത്തിയൂർ സെന്റ് മേരീസ് ചർച്ചിലും സന്ദർശനം നടത്തി.
കുളത്തൂർ ഭാരതീയ വിദ്യാമന്ദിറിലെ വാർഷികാഘോഷത്തിലും കുമ്മനം പങ്കെടുത്തു. തുടർന്ന് കൈമനം മാതാ അമൃതാനന്ദമയി മഠത്തിലെത്തിയ സ്ഥാനാർത്ഥി മഠത്തിന്റെ നേതൃത്വത്തിൽ വിഷുവിന് നടത്തി വരുന്ന വിഷു തൈ നീട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കരമന ബി.എം.എസ് ഓഫീസിൽ നടന്ന സമ്മേളനത്തിലും പാളയം സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടന്ന വി.എസ്.ഡി.പി ജില്ലാ കണവെൻഷനിലും എൻ.ഡി.എ നെയ്യാറ്റിൻകര മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു.
പാറശാലയുടെ മലയോര ഗ്രാമങ്ങൾ നൽകിയ സ്വീകരണം ഹൃദയത്തിലേറ്റുവാങ്ങി എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരന്റെ മണ്ഡല പര്യടന പരിപാടി ഇന്നലെ ആരംഭിച്ചു. കാർഷിക ഗ്രാമീണ മേഖലയായ ഒറ്റശേഖരമംഗലത്തു നിന്നു രാവിലെ ചലച്ചിത്രകാരൻ ഷാജി എൻ. കരുണാണ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തത്.
പര്യടനത്തിനിടയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്ത നെയ്യാറ്റിൻകരയിലെ പൊതുസമ്മേളനത്തിലും രാവിലെ സ്ഥാനാർത്ഥി പങ്കെടുത്തു. രാത്രി കള്ളിക്കാട് പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കി കള്ളിക്കാട് ജംഗ്ഷനിൽ ആദ്യദിവസത്തെ പര്യടനം അവസാനിപ്പിച്ചു. പാറശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കള്ളിക്കാട് ചന്ദ്രൻ എന്നിവർ തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ മണ്ഡലം പര്യടനം ഇന്ന് രാവിലെ എട്ടിന് വട്ടിയൂർക്കാവ് മരുതുംകുഴി ഉദിയന്നൂർ ക്ഷേത്രത്തിനു മുന്നിൽ നിന്ന് ആരംഭിക്കും. ഒരു നിയമസഭാ മണ്ഡലത്തിൽ രണ്ടു ദിവസമാണ് പര്യടനം നടത്തുക. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 11.30 വരെയും വൈകിട്ട് മൂന്ന് മുതൽ 10 വരെയുമാണ് പര്യടനം. ഏപ്രിൽ ഒന്നിനും 13നും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലും പാറശാല നിയോജക മണ്ഡലത്തിൽ ഏപ്രിൽ 7, 9, 16 തീയതികളിലും നെയ്യാറ്റിൻകരയിൽ 4നും 14നും കോവളത്ത് 8നും 11നും നേമം മണ്ഡലത്തിൽ 3നും 12നും തിരുവനന്തപുരത്ത് 6, 16 തീയതികളിലും കഴക്കൂട്ടം മണ്ഡലത്തിൽ ഏപ്രിൽ 2, 10 തീയതികളിലും പര്യടനം നടക്കും. തരൂരിന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രവർത്തനം ഇന്നലെ പൂർത്തിയായി. 1305 ബൂത്തുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികളായി. നാളെ സ്‌ക്വാഡ് പ്രവർത്തനങ്ങളും കുടുംബ സംഗമങ്ങളും തുടങ്ങും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മണ്ഡല പര്യടനം നടത്തും.