ipl-delhi-capitals-super-
ipl delhi capitals super over win

കഴിഞ്ഞരാത്രി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഡൽഹി വിജയിച്ചത് സൂപ്പർ ഒാവറിലാണ്. ജയവും തോൽവിയും ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ മത്സരത്തിനാണ് ഇൗഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്.

185/8

ടോസ് നഷ്ടപ്പെട്ട് ആദ്യബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. നിഖിൽ നായ്ക്ക് (7), ഉത്തപ്പ (11), ക്രിസ്‌ലിൻ (20), നിതീഷ് റാണ (1), ശുഭ്‌മാൻ ഗിൽ (4) എന്നിവരടങ്ങിയ മുൻനിര പെട്ടെന്ന് പുറത്തായപ്പോൾ 61/5 എന്ന നിലയിലായിരുന്നു കൊൽക്കത്ത. എന്നാൽ ആന്ദ്രേ റസലും (28 പന്തുകളിൽ 62, 4 ഫോർ, 6 സിക്സ്), ക്യാപ്ടൻ ദിനേഷ് കാർത്തിക്കും (36 പന്തിൽ 50, 5 ഫോർ, 2 സിക്സ്) ചേർന്ന് പൊരുതാനുള്ള സ്കോറിലേക്കുള്ള വഴി തുറന്നു.

185/6

മറുപടിക്കിറങ്ങിയ ഡൽഹിക്ക് ശിഖർ ധവാനെ (16) നേരത്തെ നഷ്ടമായെങ്കിലും പൃഥ്വി ഷാ (99), ശ്രേയസ് അയ്യർ (43) എന്നിവരുടെ ബാറ്റിംഗ് ഡൽഹിക്ക് പൊരുതാനുള്ള ശക്തിയേകി. 55 പന്തുകളിൽ 12 ഫോറും മൂന്ന് സിക്‌സുമടക്കമാണ് ഷാ 99 ലെത്തിയത്. ശ്രേയസ് 32 പന്തുകളിൽ നാല് ഫോറും രണ്ട് സിക്‌സുമടക്കം 43 റൺസടിച്ചു.

കളിത്തിരിവ്

വിജയത്തിലേക്ക് മുന്നേറിയ ഡൽഹിക്ക് തിരിച്ചടിയായത് 18-ാം ഒാവറിലെ ഋഷഭ് പന്തിന്റെ പുറത്താകലാണ്. തൊട്ടടുത്ത ഒാവറിൽ പൃഥ്വിഷയും അവസാന ഒാവറിലെ അവസാന രണ്ട് പന്തുകളിൽ ഹനുമവിഹാരിയും (2), കോളിൻ ഇർഗ്രാമും (10) പുറത്തായതോടെ അപ്രതീക്ഷിത സമനില.

10/1

സൂപ്പർ ഒാവറിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹിക്ക് വേണ്ടി ഋഷഭ് പന്തും ശ്രേയസ് അയ്യരും. എറിഞ്ഞത് പ്രസീദ് കൃഷ്ണ. മൂന്നാംപന്തിൽ ശ്രേയസ് പുറത്തായപ്പോൾ ഡൽഹി 10 റൺസെടുത്തു.

7/1

ഡൽഹിക്കുവേണ്ടി സൂപ്പർ ഒാവർ എറിഞ്ഞ റബാദ വിട്ടുകൊടുത്തത് ഏഴ് റൺസ് മാത്രം. ആദ്യപന്തിൽ ഫോറടിച്ച റസലിനെ മൂന്നാംപന്തിൽ ബൗൾഡാക്കിയ റബാദ അവസാന മൂന്ന് പന്തുകളിലും സിംഗിളുകളിലൊതുക്കി.

ഐ.പി.എല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കാഡാണ് പൃഥ്വി ഷായ്ക്ക് ഒരു റൺസിന് നഷ്ടമായത്.

. മാൻ ഒഫ് ദ മാച്ച് പൃഥ്വി ഷാ.

സൂപ്പർ ഒാവറിൽ റസലിനെതിരെ എറിയാനൊരുങ്ങുമ്പോൾ യോർക്കർ മതിയെന്ന് മനസിലുറപ്പിച്ചിരുന്നു. വെറെ എങ്ങനെയെറിഞ്ഞാലും റസൽ അടിച്ചുപറത്തിയേനെ.

കാഗിസോ റബാദ

സൂപ്പർ ഒാവറിൽ റസലിനെ ബൗൾഡാക്കിയ റബാദയുടെ യോർക്കർ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പന്താണ്.

സൗരവ് ഗാംഗുലി.