കഴക്കൂട്ടം: ജോലിസ്ഥലത്തു നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കഴക്കൂട്ടം മേല്പാലത്തിനടിയിൽ ഉപേക്ഷിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വട്ടിയൂർകാവ് സ്വദേശികളായ മിഥുൻ (23), വിനീത് (27), സഹോദരങ്ങളായ അഖിൽ ചന്ദ്രൻ (27), അതുൽ ചന്ദ്രൻ (20) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്. വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്‌ണുദേവിനെയാണ് (23) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11ന് കഴക്കൂട്ടത്തെ ജോലി സ്ഥലത്തു നിന്ന് സംഘം തട്ടിക്കൊണ്ടുപോയത്. കഴക്കൂട്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിൽ പോവുകയായിരുന്ന സംഘത്തെ പിടികൂടിയത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ എസ്. വിദ്യാധരന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ അൻവർ, എസ്.ഐ ഷാജി എന്നിവരടുങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.