മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻനിരക്കാരായ ബാഴ്സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് എസ്‌പാന്യോളിനെ കീഴടക്കി. ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത് സൂപ്പർ താരം ലയണൽ മെസിയാണ്.
കഴിഞ്ഞയാഴ്ച അർജന്റീനയ്ക്കുവേണ്ടി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങി തീർത്തും നിറം മങ്ങുകയും പരിക്കേൽക്കുകയും ചെയ്തിരുന്ന മെസി പതിവുപോലെ ക്ളബിന്റെ കുപ്പായമണിഞ്ഞപ്പോൾ സൂപ്പർ ഫോമിലേക്ക് ഉയരുകയായിരുന്നു. ആദ്യ പകുതി ഗോൾരഹിതമായിരുന്ന മത്സരത്തിൽ 71-ാം മിനിട്ടിലും 89-ാം മിനിട്ടിലുമാണ് മെസി സ്കോർ ചെയ്തത്.
71-ാം മിനിട്ടിൽതന്നെ വിക്ടർ സാഞ്ചസ് ഫൗൾ ചെയ്തിട്ടതിന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലാക്കുകയായിരുന്നു മെസി.
89-ാം മിനിട്ടിൽ ഇടതുവിംഗിൽ നിന്ന് മാൽക്കം നൽകിയ ക്രോസാണ് മെസി തന്റെ രണ്ടാംഗോളാക്കി മാറ്റിയത്.
ഇൗ വിജയത്തോടെ ബാഴ്സലോണയ്ക്ക് 29 മത്സരങ്ങളിൽനിന്ന് 69 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാൾ 10 പോയിന്റ് മുന്നിലാണ് ബാഴ്സലോണ. മൂന്നാംസ്ഥാനത്തുള്ള റയൽ മാഡ്രിഡ് 28 മത്സരങ്ങളിൽ നിന്ന് 54 പോയിന്റ് നേടിയിട്ടുണ്ട്.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് 4-0 ത്തിന് ഡിപോർട്ടീവോ അലാവേസിനെ തോൽപ്പിച്ചു. അത്‌ലറ്റിക്കോയ്ക്കുവേണ്ടി സൗൾ (5-ാം മിനിട്ട്), ഡീഗോ കോസ്റ്റ (11), അൽവാരോ മൊറാട്ട (59), പാർട്ടേയ് (84) എന്നിവരാണ് സ്കോർ ചെയ്തത്.
675
മെസി ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച മത്സരങ്ങളുടെ എണ്ണം ഇക്കാര്യത്തിൽ ഇന്നലെ മെസി ആന്ദ്രേ ഇനിയെസ്റ്റയെ മറികടന്നു. 767 മത്സരങ്ങളിൽ ബാഴ്സയുടെ കുപ്പായമണിഞ്ഞ ഷാവിഹെർണാണ്ടസ് മാത്രമാണ് ഇനി മെസിക്ക് മുന്നിലുള്ളത്.
അടി പതറാതെ യുവെ
യുവെന്റസ് 1-എംപോളി 0
ടൂറിൻ : പരിക്കേറ്റ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ ഇറങ്ങിയിട്ടും ഇറ്റാലിയൻ സെരി എയിൽ യുവെന്റസിന് ജയം. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏക ഗോളിന് എംപോളിയെയാണ് യുവെ കീഴടക്കിയത്. 72-ാം മിനിട്ടിൽ മോയിസ് കീനാണ് യുവെയുടെ വിജയഗോൾ നേടിയത്.
രണ്ടാഴ്ച മുമ്പ് ജെനോപയോട് സെരി എയിൽ സീസണിൽ ആദ്യ തോൽവി വഴങ്ങിയശേഷമുള്ള യുവന്റസിന്റെ തിരിച്ചുവരവാണിത്. കഴിഞ്ഞയാഴ്ച പോർച്ചുഗലിന് വേണ്ടി അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയപ്പോൾ പരിക്കേറ്റതിനാലാണ് ഇന്നലെ ക്രിസ്റ്റ്യാനോ യുവെ നിരയിൽ ഇല്ലായിരുന്നത്.