തിരുവനന്തപുരം: കേരളം ആവിഷ്കരിച്ച് നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായുള്ള സമ്മർ ക്യാമ്പ് എസ്.എ.പി ക്യാമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളെ ഉത്തരവാദിത്വമുള്ള പൗരന്മാരായി വാർത്തെടുക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു. യുവാക്കൾ സാമൂഹ്യ തിന്മകളിലേക്ക് നയിക്കപ്പെടുന്ന സാഹചര്യത്തിൽ അതിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കാനുള്ള കരുത്ത് വിദ്യാർത്ഥികൾ ആർജ്ജിക്കണം. ഇക്കാര്യത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് വിദ്യാർത്ഥികളെ ഏറെ സഹായിക്കാനാകുമെന്നും ഗവർണർ പറഞ്ഞു.
ഭാവിയുടെ നേതാക്കൾ എന്ന നിലയ്ക്ക് രാഷ്ട്ര നിർമ്മാണത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് മികച്ച പങ്ക് വഹിക്കാനാകും. നേതൃത്വപാടവം എന്നത് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള പ്രാപ്തിയാണ്. ഇത് ഓരോരുത്തരും ആർജ്ജിക്കണം. സാമൂഹ്യ ഇടപെടലുകളിലൂടെ മാത്രമെ യഥാർത്ഥ നേതൃത്വ ഗുണങ്ങൾ നേടാനാകുവെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പിമാരായ എസ്.അനന്തകൃഷ്ണൻ, മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ, ഡി.ഐ.ജി പി.പ്രകാശ്, സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗുരുഡിൻ തുടങ്ങിയവർ പങ്കെടുത്തു.