ന്യൂഡൽഹി : ഇന്ത്യ ഒാപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടാനുള്ള ഇന്ത്യൻ താരം കെ. ശ്രീകാന്തിന്റെ സ്വപ്നങ്ങൾ തച്ചുടച്ച് ഡെൻമാർക്ക് താരം വിക്ടർ അക്സൽസൻ. ലോക നാലാം നമ്പർ താരമായ അക്സൽസൻ നേരിട്ടുള്ള സെറ്റുകൾക്ക് ഇന്നലെ ഫൈനലിൽ ശ്രീകാന്തിനെ കീഴടക്കുകയായിരുന്നു. 21-7, 22-20 എന്ന സ്കോറിനായിരുന്നു 36 മിനിട്ടുകൊണ്ട് ഡെൻമാർക്ക് താരത്തിന്റെ വിജയം.
ഇത് രണ്ടാം തവണയാണ് അക്സൽസെൻ ഇന്ത്യ ഒാപ്പൺ ജേതാവാകുന്നത്. 2017 ലും ഇദ്ദേഹത്തിനായിരുന്നു കിരീടം. 17 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീകാന്ത് ഒരു വേൾഡ് ടൂർ മത്സരത്തിന്റെ ഫൈനലിനിറങ്ങിയത്.
വനിതാ സിംഗിൾസിൽ തായ്ലൻഡിന്റെ രത്ചാനോക്ക് ഇന്റാനോൺ കിരീടം നേടി. ഫൈനലിൽ ചൈനയുടെ ഹി ബിംഗ്ജിയാവോയെ 21-15, 21-14 എന്ന സ്കോറിനാണ് ഇന്റാനോൺ തോൽപ്പിച്ചത്. ഇത് മൂന്നാംതവണയാണ് തായ്ലൻഡ് താരം ഇന്ത്യ ഒാപ്പൺ നേടുന്നത്. സെമിയിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ തോൽപ്പിച്ചാണ് ബിംഗ്ജിയാവോ ഫൈനലിലെത്തിയിരുന്നത്.