ആലപ്പുഴ : രാഹുൽ ഗാന്ധിയെ വയനാട്ടിൽ തോല്പിക്കാൻ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മോദി വന്ന് മത്സരിച്ചാലും വയനാട്ടിൽ രാഹുൽ വിജയിക്കും. എൽ.ഡി.എഫിന്റെ പരാജയം മുന്നിൽ കണ്ട് പരിഭ്രാന്തി പിടിച്ച അവസ്ഥയിലാണ് മുഖ്യമന്ത്രി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഉജ്വല വിജയം നേടാൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സഹായിക്കും. സംസ്ഥാനത്ത് 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും - ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.
മതേതര ശക്തികളുടെ കൂട്ടായ്മയെ സി.പി.എം പാർട്ടി കോൺഗ്രസിൽ എതിർത്തവരാണ് മുഖ്യമന്ത്രിയും കേരളത്തിലെ സി.പി.എം നേതാക്കളും. വിശ്വസിക്കാൻ കൊള്ളാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം . യു.പി.എ സർക്കാരിനെ തകർത്തത് ഇവരാണ്. ദേശീയ തലത്തിൽ ബി.ജെ.പിയും സംസ്ഥാനത്ത് സി.പി.എമ്മുമാണ് കോൺഗ്രസിന്റെ മുഖ്യഎതിരാളികൾ. കോ-ലീ-ബി സഖ്യമെന്നുള്ള സി.പി.എമ്മിന്റെ നുണപ്രചാരണം ജനം പുച്ഛിച്ച് തള്ളും. ആദ്യമായിട്ടാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി കേരളത്തിൽ നിന്ന് മത്സരിക്കുന്നതെന്നതിനാൽ ഇന്ത്യൻ രാഷ്ട്രീയം സംസ്ഥാനത്തെ ഉറ്റു നോക്കും. കേരളത്തിൽ കോൺഗ്രസിനെ നേരിടാൻ കഴിയുന്ന ശക്തിയല്ല ബി.ജെ.പിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ആലപ്പുഴ നഗരത്തിൽ പ്രകടനം നടത്തി.