ambalapuzha-news

അമ്പലപ്പുഴ : യാത്രക്കാരൊഴിഞ്ഞ അമ്പലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും അന്യസംസ്ഥാന ഭിക്ഷാടകരുടെയും താവളം. ആഴ്ചയിൽ ഒരു ദിവസം കൺസെഷൻ കൗണ്ടർ പ്രവർത്തിക്കുന്നത് മാത്രമാണ് ബസ് സ്റ്റേഷന്റെ ആകെയുള്ള പ്രവർത്തനം.

ബസുകൾ ദേശീയപാതയോരത്ത് നിറുത്തുന്നതിനാൽ യാത്രക്കാർ അവിടെയാണ് നിൽക്കുന്നത്. ബസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് ആരും എത്താറില്ല. ഇതോടെയാണ് സാമൂഹ്യവിരുദ്ധർ സ്റ്റേഷൻ കെട്ടിടം കൈയേറിയത്. വൈകുന്നേരങ്ങളിൽ മദ്യപിച്ച് ഇവർ അസഭ്യ വർഷം നടത്തുന്നതും പതിവാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഭയപ്പോടോടെയാണ് രാത്രികാലങ്ങളിൽ ബസ് സ്റ്റേഷനു മുന്നിൽ ദേശീയപാതയോരത്ത് ബസ് കാത്തു നിൽക്കുന്നത് . ഇവിടെയിരുന്ന് മദ്യപിക്കുന്ന സംഘങ്ങൾ തമ്മിൽ വാക്കേറ്റവും ഉണ്ടാകാറുണ്ട്.

പൊലീസ് സ്റ്റേഷനും കോടതിയും ബസ് സ്റ്റേഷന് തൊട്ടടുത്താണ് പ്രവർത്തിക്കുന്നത്. എന്നാൽ പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്ന് നാട്ടുകാർ പറയുന്നു. അധികൃതർ ഇടപെട്ട് ബസ് സ്റ്റേഷന്റെ പ്രവർത്തനം വിപുലീകരിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ബസുകൾ സ്റ്റേഷനിൽ കയറാൻ തുടങ്ങിയാൽ യാത്രക്കാരും ഇവിടേക്ക് എത്തും.