bund
ബണ്ട് റോഡിന്റെ ഇരുവശത്തും അശാസ്ത്രീയമായി നിരത്തിയിരിക്കുന്ന പാറ.

ചാരുംമൂട് : നൂറനാട് - ചുനക്കര ബണ്ട് റോഡ് നിർമ്മാണം അശാസ്ത്രീയമെന്ന് പരാതി. ആയിരം മീറ്ററോളം നീളമുള്ള ബണ്ട് റോഡിൽ നിന്ന് കൃഷിഭൂമിയിലേക്ക് കടക്കാൻ റാമ്പുകൾ നിർമ്മിച്ചിട്ടില്ല. ഇതുകാരണം കൊയ്ത്തുകാലത്ത് പാടത്തേക്ക് ട്രാകടർ ഇറക്കാനും വളം എത്തിക്കാനും കർഷകർ പാടുപെടും.

പെരുവേലിച്ചാൽ പുഞ്ചയുടെ ഹൃദയഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. നൂറനാട്,ചുനക്കര, തഴക്കര കൃഷിഭവനുകളുടെ നിയന്ത്രണത്തിലുള്ളതാണ് 2500 ഏക്കറിനു മുകളിൽ വിസ്തൃതിയുള്ള പെരുവേലിച്ചാൽ പുഞ്ച. പുഞ്ചയുടെ എല്ലാ ഭാഗത്തും വാഹനങ്ങൾ എത്തിച്ചേരുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനാണ് നൂറനാട് - ചുനക്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ചത്. കുട്ടനാട് പാക്കേജിൽപ്പെടുത്തിയാണ് പുഞ്ചയുടെ വികസനത്തിനായി 33 കോടിയുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കിയത്. ഇതിൽ പ്രധാനപ്പെട്ടതാണ് ബണ്ട് റോഡ് നിർമ്മാണം. ഇടയ്ക്ക് മുടങ്ങിയിരുന്ന നിർമ്മാണം അടുത്തിടെയാണ് പൂർത്തിയാക്കിയത്. ബണ്ട് റോഡിന്റെ നിർമ്മാണം അശാസ്ത്രീയമായ രീതിയിലാണെന്നാണ് പാടശേഖര സമിതിയുടെയും നെൽകർഷക സമിതിയുടേയും ഓണാട്ടുകര വികസന സമിതിയുടെയും ആരോപണം.

സുരക്ഷയും പ്രശ്നം

റോഡ് ഗതാഗതത്തിനു തുറന്നുകൊടുക്കുമ്പോഴും പ്രശ്നങ്ങളുണ്ടാകും. ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതി റോഡിനില്ല. റോഡിൽ നിന്ന് വാഹനങ്ങൾ പുഞ്ചയിലേക്ക് മറിയാൻ സാദ്ധ്യത ഏറെയാണ്. ഉദ്ഘാടനത്തിനു മുമ്പായി റോഡിന്റെ ഇരുവശത്തും സുരക്ഷാ കൈവരികൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കർഷകരുടെ ആവശ്യം

 റോഡിന്റെ ഇരുവശങ്ങളിലും നൂറു മീറ്റർ ഇടവിട്ട് റാമ്പുകൾ നിർമ്മിക്കണം

 വശങ്ങളിൽ കെട്ടിയിരിക്കുന്ന പാറകളുടെ വിടവുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തണം

 വെള്ളം കയറാത്ത തരത്തിൽ പാറകളുടെ വിടവുകൾ അടയ്ക്കണം