photo

ആലപ്പുഴ: കന്നിവോട്ടിനായി പോളിംഗ് ബൂത്തിലെത്തിയപ്പോഴുണ്ടായ ആശങ്ക വയലാർ ശരത്ചന്ദ്ര വർമ്മയുടെ മനസിൽ ഇന്നലെയെന്ന പോലെ ഇപ്പോഴുമുണ്ട്.

'വേണ്ടത്ര തിരിച്ചറിവ് ഇല്ലാതെയാണ് ആദ്യമായി പോളിംഗ് ബൂത്തിൽ എത്തിത്. അന്ന് വോട്ടിംഗ് യന്ത്രമില്ലായിരുന്നു. ബാലറ്റ് പേപ്പർ മടക്കുന്നത് തെറ്റിയാൽ വോട്ട് അസാധുവാകുമോ എന്നായിരുന്നു ഭയം. ആദ്യ വോട്ട് 1980ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലായിരുന്നു. വയലാർ പഞ്ചായത്ത് 8-ാം വാർഡിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച വയലാർ സമര സേനാനി കെ.സി.വേലായുധന്റെ ഭാര്യ കെ.കെ. കമലാക്ഷിക്കാണ് വോട്ട് രേഖപ്പെടുത്തിയത്. അച്ഛൻ വയലാർ രാമവർമ്മ കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി എഴുതിയ പാട്ടുകളുടെ സ്മരണയിൽ ചെയ്ത വോട്ടിൽ കമലാക്ഷി വിജയിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയെങ്കിലും എവിടെയും അളവ് കോൽ സ്ഥാനാർത്ഥിയുടെ കഴിവായിരുന്നു. പ്രകടമായി രാഷ്ട്രീയം ഇല്ലെങ്കിലും മനസിൽ വിപ്ളവ ഗാനങ്ങൾ എപ്പോഴുമുണ്ട്. ചെറുപ്പകാലത്ത് സ്ഥാനാർത്ഥിയുടെ ചിഹ്നമുള്ള പെട്ടിയും തലയിൽ വച്ച് സ്ക്വാഡ് വർക്ക് നടത്തിയിരുന്നു. അന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഏറെയുണ്ടായിരുന്നു. ഇന്നത്തെ ഡിജിറ്റൽ കാലത്ത് എല്ലാം വേഗത്തിലായി.

വോട്ട് ചെയ്താലേ ജനപ്രതിനിധിയെ വിമർശിക്കാൻ അർഹതയുള്ളു. ചെറുപ്പത്തിൽ ഞാനും വിമർശിച്ചിരുന്നു. ഭാര്യയും മകളും ഉൾപ്പെടുന്ന കുടുംബത്തിന്റെ കാര്യങ്ങൾ നൂറ് ശതമാനം നിറവേറ്റാൻ എനിക്ക് കഴിയുന്നില്ല. ആ ഞാൻ എങ്ങനെ ഒരു ജനപ്രതിനിധിയെ വിമർശിക്കും? ഒരു മണ്ഡലത്തിൽ വ്യത്യസ്ത സ്വഭാവക്കാരായ ലക്ഷക്കണക്കിന് വോട്ടർമാരാണുള്ളത്. ഇവരുടെ എല്ലാ വിഷയങ്ങളും ചിലപ്പോൾ പരിഹരിക്കാൻ കഴിയില്ല. അത് വിമർശനമാക്കുന്നത് ശരിയാണോ എന്ന് വിമർശകർ സ്വയം തീരുമാനിക്കണം. എല്ലാവരും വോട്ട് രേഖപ്പെടുത്തിയാലേ ജനാധിപത്യം നിലനിൽക്കുകയുള്ളൂ. വോട്ട് ചെയ്യില്ലെന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. നോട്ടയ്ക്ക് വോട്ട് ചെയ്യുന്നത് ശരിയായ ജനാധിപത്യമല്ല. മതവും രാഷ്ട്രീയവും പഴയകാലത്ത് രണ്ടായി നിന്നു. ഇന്ന് ഓരോ ദിവസം കഴിയുംതോറും ഇതു രണ്ടും ഒന്നാവുകയാണ്'- ശരത്ചന്ദ്ര വർമ്മ പറഞ്ഞു.