tp-senkumar

ആലപ്പുഴ: പൊലീസ് സേനയെ സർക്കാർ മാർക്‌സിസ്റ്റ് വത്കരിച്ചതായി മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ആരോപിച്ചു. നവോത്ഥാന കേരളത്തിൽ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ മഹിളാ മോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് നൽകുന്ന നിർദ്ദേശമനുസരിച്ചാണ് പൊലീസ് സേന പ്രവർത്തിക്കുന്നത്. കള്ളക്കേസുകളെടുത്ത് രാഷ്ട്രീയ എതിരാളികളെയും തങ്ങൾക്ക് താത്പര്യമില്ലാത്തവരെയും ദ്രോഹിക്കാൻ സർക്കാർ പൊലീസ് സേനയെ ഉപയോഗിക്കുകയാണ്.
എറണാകുളത്ത് പാർട്ടി ഓഫീസിൽ സി.സി ടി.വി കാമറകൾ സ്ഥാപിച്ചത് പാർട്ടി സഖാക്കളായിരുന്നു.
കേരളത്തിന്റെ നവോത്ഥാനത്തിൽ യാതൊരു പങ്കുമില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. കമ്മ്യൂണിസം ഒരു ചെറിയ കാലയളവിലേക്ക് മാത്രമുള്ള പ്രത്യയശാസ്ത്രമായിരുന്നു. ഇന്നത് ചീഞ്ഞളിഞ്ഞു. ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കേരളത്തിൽ ഇടതു വലതു മുന്നണികൾ നടത്തുന്നത്. രണ്ടുപേരും ഒന്നാണ്. തിരഞ്ഞെടുപ്പിലും ഇരുമുന്നണികളും വോട്ട് മറിക്കൽ നടത്താൻ സാദ്ധ്യതയുണ്ട്. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ നവോത്ഥാനത്തിനും മുന്തിയ പരിഗണന നൽകിയ സർക്കാരാണ് നരേന്ദ്ര മോദിയുടേത്. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സുമ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാർ, ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.