ae

ഹരിപ്പാട്: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിച്ച് മേൽക്കൈ നേടാനല്ല രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബി.ജെ.പിയുടെ തിരിച്ചുവരവ് തടയണമെന്ന് പറയുന്ന കോൺഗ്രസ് അതിന് യോജിച്ച സമീപനമല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇടതുപക്ഷത്തെ നേരിടാൻ രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരുമ്പോൾ അത് നൽകുന്ന സന്ദേശം ബി.ജെ.പി. തകരണമെന്നല്ല, മറിച്ച് ഇടതുപക്ഷം തകരണമെന്നതാണ്. ബി.ജെ.പി.വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ മതനിരപേക്ഷത തകരും. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസാണ് ബി.ജെ.പിയെ നയിക്കുന്നത്. ഇതിന് മുമ്പ് രാജ്യം ഭരിച്ച യു.പി.എ സർക്കാർ കർഷകർ ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം ജനങ്ങളെയും കഷ്ടത്തിലാക്കിയപ്പോൾ ഒരു മാറ്റത്തിനു വേണ്ടിയാണ് അവർ വോട്ട് മാറ്റി ചെയ്തത്. എന്നാൽ മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന എൻ.ഡി.എ സർക്കാർ ജനങ്ങളെ വഞ്ചിച്ചു

കേരളത്തിൽ യു.ഡി.എഫ് ഭരണകാലത്ത് വീട്ടിലെ ടി.വി ഓൺ ചെയ്യാൻ ആളുകൾക്ക് മടിയായിരുന്നു. കുടുംബസമേതം ഇരുന്ന് കാണാൻ കഴിയാത്ത ജീർണിച്ച കാര്യങ്ങളായിരുന്നു സർക്കാരിനെതിരെ വാർത്തയായി വന്നിരുന്നത്. വികസനപാതയിൽ മുന്നേറിയപ്പോഴാണ് പ്രളയദുരിതം എത്തിയത്. അതിനെ കേരളം ഒറ്റക്കെട്ടായി നേരിട്ടപ്പോൾ രാജ്യവും ലോകവും അഭിനന്ദിച്ചു. ഒരുമയെ തകർക്കാനെന്നോണം, പ്രളയം മനുഷ്യൻ ഉണ്ടാക്കിയ ദുരിതമാണെന്നും പൂർണ്ണ ഉത്തരവാദി സർക്കാരാണെന്നും പറഞ്ഞുണ്ടാക്കി. അതിന് മറുപടി അന്ന് നൽകി. പിന്നീട് അതേപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. തിരഞ്ഞെടുപ്പ് ഘട്ടം എത്തിയപ്പോൾ അത് ഒന്ന് പൊടിതട്ടിയെടുത്ത് തെറ്റിദ്ധാരണ പരത്താമെന്ന് കരുതിയാണ് ഇറങ്ങിയത്. എന്നാൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കിയ ജനങ്ങളാണ് ഇവിടെയുള്ളത് എന്നതുകൊണ്ട് അവരുടെ വലിയ ശ്രമം വേണ്ടപോലെ ഏശിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ, ആർ.നാസർ, സി.ബി.ചന്ദ്രബാബു, ടി.ജെ.ആഞ്ചലോസ്, ടി.കെ.ദേവകുമാർ, എം.സത്യപാലൻ, കെ.എസ്. പ്രദീപ്കുമാർ, കണ്ടല്ലൂർ ശങ്കരനാരായണൻ, എൻ.സന്തോഷ് കുമാർ, ജോസഫ്.കെ. നെല്ലുവേലി, ജോണി മുക്കം, പി.കെ.ഹരിദാസ്, ഡോ.സജു ഇടയ്ക്കാട്, നിസാറുദ്ദീൻ മൗലവി, ബി.ഹരിശങ്കർ എന്നിവർ സംസാരിച്ചു.