കുട്ടനാട്: മുട്ടാർ കൃഷിഭവനു കീഴിൽ വരുന്ന മിത്രക്കരി ആലപ്പുറത്തുകാവ് പാടശേഖരത്തിലെ വൈക്കോലിനിട്ട തീ കൈവിട്ടു കത്തിപ്പടർന്നത് പ്രദേശവാസികളെ മണിക്കൂറുകളോളം മുൾമുനയിലാഴ്ത്തി. നിരവധി തെങ്ങുകളും വാഴകളും കത്തിനശിച്ചു. പൊലീസും ഫയർഫോഴ്സും സമയോചിതമായി ഇടപെട്ടതോടെ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഏതാനും മിനിട്ടുകൾക്കകം കാറ്റിൽ തീ സമീപത്തെ പുരയിടങ്ങളിലേക്കു പടർന്നു കയറുകയായിരുന്നു. കട്ടപ്പുക ശ്വസിച്ച് നിരവധി പേർക്ക് അസ്വസ്ഥതകളുണ്ടായി. മിത്രക്കരി തണ്ടാൻപറമ്പ് സന്തോഷ്, പനിച്ചിപ്പറമ്പിൽ മംഗളൻ എന്നിവരുടെ തെങ്ങും വാഴകളുമാണ് കത്തിനശിച്ചത്. സംഭവമറിഞ്ഞ് രാമങ്കരി എസ്.ഐ ആനന്ദ ബാബുവിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചങ്ങനാശേരിയിൽ നിന്നു ഫയർഫോഴ്സ് സംഘവും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കഴിഞ്ഞ ദിവസം പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള പാടത്തെ വൈക്കോലിന് തീയിട്ടത് ആശുപത്രി പരിസരത്തേക്കും പടർന്നു കയറി നാശം വിതച്ചിരുന്നു. പാടശേഖരങ്ങളിൽ വൈക്കോലിന് തീയിടുന്നതിൽ നിയന്ത്രണം ഉണ്ടെങ്കിലും വകവയ്ക്കാത്തതാണ് വിനയാവുന്നത്.