മാവേലിക്കര: ചെട്ടികുളങ്ങര ഭഗവതിയുടെ തിരുവാഭരണ ചാർത്ത് ദർശിക്കാൻ ഇന്നലെ ക്ഷേത്രത്തിൽ എത്തിയത് ഭക്തലക്ഷങ്ങൾ. ഓണാട്ടുകരയുടെ ആണ്ടുപിറവിയായ മീനമാസത്തിലെ കാർത്തിക നാളിൽ സർവ്വാഭരണ വിഭൂഷിതയായ ദേവി, വണങ്ങാനെത്തിയവർക്ക് ദർശനപുണ്യമായി.
കാർത്തിക നാളിൽ ദിവസം മുഴുവൻ നട തുറന്നിരുന്നിട്ടും ഭക്തജനപ്രവാഹ അവസാനിച്ചില്ല.
ഒരു ലക്ഷത്തിലധികം ഭക്തർ ദർശനത്തിനെത്തിയതായാണ് കണക്കാക്കുന്നത്. രാവിലെ പത്തരയോടെ ആരംഭിച്ച കാർത്തിക ദർശനം വൈകുന്നേരം ദീപാരാധനവരെ തുടർന്നു. മഴയെത്തുടർന്ന് കുത്തിയോട്ട അവതരണം വൈകി രാത്രി 9 മണിയോടെയാണ് ആരംഭിച്ചത്. അപ്പോഴും ക്ഷേത്രത്തിൽ തിരക്ക് കുറഞ്ഞിരുന്നില്ല.
നൂറ്റാണ്ടുകളുടെ പഴക്കവും വിലമതിക്കാനാകാത്തതുമായ അത്യപൂർവമായ തിരുവാഭരണങ്ങൾ അണിഞ്ഞായിരുന്നു ചെട്ടികുളങ്ങരയിലെ കാർത്തിക ദർശനം. തങ്കത്തിരുമുഖം, നാഗപ്പത്തി കിരീടം, ഇളക്കതാലി, നാഗഫണമാല, കുട്ടത്താലി, മുല്ല, പിച്ചിമുട്ട് മാലകൾ, പാലക്ക മാല, കാശി മാല, ചുവപ്പും പച്ചയും വെള്ളയും കല്ലുകൾ കോർത്ത കങ്കണ പതക്കം, തങ്കവളകൾ, നവരത്‌നങ്ങൾ അലങ്കരിക്കുന്ന വലംപിരി ശംഖ്, പവിഴമാല, ചെമ്പവിഴ മാല, മാണിക്യ മാല, നാഗഫട മാല, ജീവത മാല, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷനും 13 കരകളും ചേർന്ന് സമർപ്പിച്ച എട്ടുപവൻ നെക്‌ലെസ് അങ്ങനെ നാലുപേടകങ്ങൾ നിറയെയുള്ള ആഭരണങ്ങളാണ് ദേവിയുടെ ദാരുശില്പത്തിൽ ചാർത്തിയത്. രാജക്കന്മാരും ഭക്തരും പലകാലങ്ങളിലായി അമ്മയ്ക്ക് സമർപ്പിച്ചവയാണ് ഒരോ ആഭരണങ്ങളും.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദേവസ്വം സട്രോംഗ് റൂമിൽ നിന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ തിരുവാഭരണ പേടകങ്ങൾ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾക്കും കരനാഥന്മാർക്കുമായി ഇന്നലെ രാവിലെ കൈമാറി. കരയൊന്നിൽ നിന്ന് അഞ്ച് പേർവീതം 65 പേർ കഠിന വ്രതാനുഷ്ഠാനത്തോടെയാണ് തിരുവാഭരണ പദയാത്രയിൽ അണിനിരന്നത്. രാവിലെ എട്ടരയോടെ ചെട്ടികുളങ്ങര കിഴക്കേനടയിലെ എതിരേൽപ്പ് മണ്ഡപത്തിൽ തിരുവാഭരണഘോഷയാത്ര എത്തിച്ചേർന്നു. തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഏറ്റുവാങ്ങിയശേഷം നടയടച്ച് തിരുവാഭരണങ്ങൾ ദേവിക്ക് ചാർത്തി. തുടർന്നായിരുന്നു ദർശനം.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ചെട്ടികുളങ്ങരയിലും നടന്ന ചടങ്ങുകളിലായി ഹരിപ്പാട് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജി.എസ്.ബൈജു, സെക്രട്ടറി കെ.സി.അനുചന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആർ.രാജേഷ് കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് എം.മനോജ് കുമാർ, ജോ.സെക്രട്ടറി പി.കെ.റജികുമാർ, ദേവസ്വം ഡപ്യൂട്ടികമ്മിഷണർ കെ.ആർ.ബൈജു, മാവേലിക്കര അസി.കമ്മിഷണർ ദിലീപ് കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രവീന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു.
ചരിത്രമായി കുത്തിയോട്ട ചുവട്
മാവേലിക്കര: 41 കുത്തിയോട്ട ആശാന്മാർ, അവരുടെ താളത്തിനൊപ്പം ചുവടുവച്ച് 3000 ചുവടുകാർ, 1000 താനവട്ടക്കാർ, ഒരേ താളത്തിൽ, മേളത്തിൽ ഒന്നിച്ചൊന്നായി ചുവടുകൾ. ഓണാട്ടുകരയുടെ ചരിത്രത്തിലെ ഇങ്ങനയൊന്ന് ആദ്യം. 4042 പേർ ഒന്നിച്ചണിനിരന്ന അനുഷ്ഠാന കലാരൂപമെന്ന പേരിൽ ചരിത്രത്തിൽ ഇടംനേടിയ കുത്തിയോട്ട ചുവട്. അതാണ് ചെട്ടികുളങ്ങര തിരുമുറ്റത്ത് ഇന്നലെ അരങ്ങേറിയത്.ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷനാണ് നേതൃത്വം നൽകിയത്.