karthyayani-amma

ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ അക്ഷരലക്ഷം പരീക്ഷയിലൂടെ 97-ാം വയസിൽ അക്ഷര ലോകത്തേക്ക് പിച്ചവച്ചു കയറിയ കാർത്ത്യായനിയമ്മ ഇക്കുറി സ്ഥാനാർത്ഥിയുടെ പേരു വായിച്ചുതന്നെ വോട്ടു ചെയ്യും! ഇതുവരെ ബാലറ്റിലെ ചിഹ്നം കണ്ട് ആളെ മനസിലാക്കിയിരുന്ന കാർത്ത്യായനിയമ്മയ്ക്ക് ഇനി അതിൻറെ ആവശ്യമില്ല.

അക്ഷരലക്ഷം പദ്ധതിയിൽ സംസ്ഥാനത്തെ ഒന്നാം റാങ്കുകാരിയാണ് ചേപ്പാട് പഞ്ചായത്ത് നാലാം വാർഡ് ചിറ്റൂർപടീറ്റേതിൽ കാർത്ത്യായനിയമ്മ. മുപ്പതാം വയസിൽ ചേപ്പാട് കണിച്ചനെല്ലൂർ ഗവ.എൽ.പി സ്കൂളിലെ ബൂത്തിൽ ചെയ്ത ആദ്യ വോട്ട് പാഴായില്ലെന്നത് കാർത്ത്യായനിയമ്മ ഇപ്പോഴും ഓർക്കുന്നു. പക്ഷേ, ജയിച്ച ആളിൻറെ പേര് ഓർമ്മയില്ല. അന്ന് ആദ്യം വിരലിൽ മഷി പുരട്ടും. ഒപ്പ് ഇടുന്നതിനു പകരം വിരലടയാളം എടുത്ത ശേഷമാണ് ബാലറ്റ് പേപ്പർ നൽകിയിരുന്നത്. വോട്ട് ചെയ്യുന്ന രീതി സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ വീട്ടിലെത്തി വോട്ടർമാർക്ക് ഒന്നിലധികം തവണ പറഞ്ഞു കൊടുക്കുമായിരുന്നു. ബൂത്തിൽ അന്നും ഇന്നും വോട്ട് ചെയ്യാൻ ആരുടെയും സഹായം തേടിയിട്ടില്ലെന്ന് കാർത്ത്യായനിയമ്മ പറയുന്നു.

മൂന്നാം ക്ളാസിന് തുല്യമായ പരീക്ഷയിലാണ് കാർത്ത്യായനിയമ്മയ്ക്ക് 98 മാർക്കോടെ ഒന്നാം റാങ്ക് ലഭിച്ചത്. അയൽവാസി സതിയുടെ ശിക്ഷണത്തിൽ നാലാംക്ളാസ് തുല്യത പരീക്ഷയ്ക്കുള്ള പഠനത്തിലാണ്.