ആലപ്പുഴ: പ്രമുഖ സാഹിത്യകാരൻ ആലപ്പുഴ സീവ്യൂ വാർഡിൽ മാർട്ടിൻ ഈരേശേരിൽ (72) നിര്യാതനായി. എഴുപതുകളിൽ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളുമെഴുതി നിറഞ്ഞുനിന്ന ആളാണ് മാർട്ടിൻ.
മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച നക്ഷത്രങ്ങളുടെ 'താരാട്ട്' എന്ന കഥ അമേരിക്കൻ പ്രസാധകരായ ഹാറ്റ്സ് ഒഫ് ബുക്സ് ലോക സാഹിത്യത്തിനു പരിചയപ്പെടുത്തി. 'ഇനി ഉറങ്ങൂ' എന്ന നോവൽ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചു. 'ദാമ്പത്യശാസ്ത്രം' എന്ന ബൃഹത് ഗ്രന്ഥവും രചിച്ചു. 2006ൽ ഡി.സി ബുക്സ് മാർട്ടിൻറെ 'വംശം' എന്ന പുസ്തകം പുറത്തിറക്കി. കൊച്ചിയിലെ ചെല്ലാനത്താണ് ജനനം. നീതിന്യായ വകുപ്പിൽ നിന്നു വിരമിച്ച ശേഷം പൂർണമായും സാഹിത്യ രചനയിലും ചരിത്ര രചനയിലും പ്രവർത്തിച്ചു വരികയായിരുന്നു. ആലപ്പുഴയിലെ മുപ്പാലത്തിനു കിഴക്കുവശമുള്ള ഗുജറാത്തി സ്ട്രീറ്റിലായിരുന്നു താമസം. ഭാര്യ: ഗ്രേയ്സ്. മക്കൾ: മനു,മധു.