# സുധാകരൻ കളംനിറഞ്ഞു നിൽക്കുന്ന 12-ാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്
ആലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം. ആരിഫിന്റെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്കു നീങ്ങവേ, തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രി ജി. സുധാകരൻ. ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിക്കൊപ്പം സുധാകരനും പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടു നിൽക്കണമെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിക്കുകയും ചെയ്തു.
'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ഹരിപ്പാട് ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് 1.25 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതു സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ഇതിൽ ചെന്നിത്തലയുടെ ഭൂരിപക്ഷം കുറച്ചുള്ളത് ആരിഫിനു ലഭിക്കുമെന്ന് ഞങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്'- ജി. സുധാകരൻ 'കേരളകൗമുദിക്ക്' അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു.
1977ൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ സി.പി.എമ്മിലെ ഇ. ബാലാനന്ദനും കോൺഗ്രസിലെ വി.എം. സുധീരനും ഏറ്റുമുട്ടിയപ്പോൾ മുതൽ തിരഞ്ഞെടുപ്പ് കളത്തിലുണ്ട് ജി. സുധാകരൻ. അന്ന് അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം കഴിഞ്ഞിറങ്ങിയതിന്റെ ക്ഷീണം വിട്ടുമാറിയിരുന്നില്ല. എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയായിരുന്നു അന്ന് സുധാകരൻ. ഇ. ബാലാനന്ദന്റെ തിരഞ്ഞെടുപ്പ് ഓഫീസിലായിരുന്നു 'ഡ്യൂട്ടി'. പ്രസ്താവനയെഴുത്തും ലഘുലേഖകൾ തയ്യാറാക്കലും അല്ലറ ചില്ലറ പ്രസംഗങ്ങളുമൊക്കെയായി സ്ഥാനാർത്ഥിക്കു വേണ്ടി സുധാകരനും സജീവമായി രംഗത്തുണ്ടായിരുന്നു. ഇ. ബാലാനന്ദൻ അന്ന് പരാജയപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സുധാകരനെന്ന രാഷ്ട്രീയനേതാവിന്റെ ശക്തമായൊരു ചുവടുവയ്പായിമാറി ആ അനുഭവം. പിന്നീടിങ്ങോട്ട് 10 തവണ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലെ പ്രധാന ചുമതലക്കാരനായി സുധാകരൻ നിറഞ്ഞു നിന്നു.
വക്കം പുരുഷോത്തമനെ 1991ൽ ടി.ജെ. ആഞ്ചലോസും വി.എം. സുധീരനെ 2004ൽ ഡോ. കെ.എസ്. മനോജും അട്ടിമറിച്ച ചാണക്യ തന്ത്രങ്ങളുടെ സൂത്രധാരനും മറ്റാരുമായിരുന്നില്ല. കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം അര ലക്ഷം വോട്ടിൽ നിന്ന് കഴിഞ്ഞ തവണ 19,407 ആയി കുറയ്ക്കാനായതും സുധാകരന്റെ നേരിട്ടുള്ള ഇടപെടൽ മൂലമായിരുന്നെന്ന് സുവ്യക്തം. സി.എസ്.സുജാത മാവേലിക്കരയിൽ വിജയിച്ച തിരഞ്ഞെടുപ്പിൽ കെ.പി.എ.സി സുലോചന ഏഴു നിയമസഭാ മണ്ഡലങ്ങളിൽ സുധാകരന്റെ അഭ്യത്ഥന പ്രകാരം പാർട്ടിക്കു വേണ്ടി പാട്ടുകൾ പാടി.
'വർഗീയതയെ വികസനം കൊണ്ട് പകരം വയ്ക്കുക എന്ന രീതിയിലാണ് എൽ.ഡി.എഫിന്റെ പ്രചാരണം. ശബരിമല വിഷയമൊക്കെ പ്രചാരണ സമയത്ത് ചിലർ ഉന്നയിക്കാറുണ്ട്. വാസ്തവം ബോദ്ധ്യപ്പെടുത്തുമ്പോൾ അവരുടെയൊക്കെ തെറ്റിദ്ധാരണ മാറുന്നുമുണ്ട്. ആലപ്പുഴയെ പുനർനിർമ്മിക്കുക എന്ന രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആയിരം കോടി രൂപയുടെ പൊതുമരാമത്ത് വികസനം ആലപ്പുഴയിൽ നടക്കുന്നുണ്ട്'- സുധാകരൻ പറഞ്ഞു.
രാവിലെ ആറിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിൽ നിന്നിറങ്ങുന്ന സുധാകരൻ തിരികെയെത്തുമ്പോൾ രാത്രി 11 മണിയാവും. ഇതിനിടെ ഓഫീസ് ഫയലുകളെല്ലാം നോക്കുന്നുമുണ്ട്. ഒരു ഫയൽ പോലും തന്റെ ഓഫീസിൽ കെട്ടിക്കിടക്കുന്നില്ലെന്നും സുധാകരൻ പറയുന്നു.